കേരളം

kerala

ETV Bharat / business

വായ്‌പകൾ തിരിച്ചടക്കുന്നില്ല; മുദ്ര പദ്ധതിയും പ്രതിസന്ധിയിൽ

മുദ്ര പദ്ധതിയിലൂടെ നൽകിയ വായ്‌പകൾ തിരിച്ചടക്കാത്തത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം.കെ. ജെയ്ൻ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി

മുദ്ര  മുദ്ര പദ്ധതി  റിസർവ്വ് ബാങ്ക്  ബാങ്കിങ് മേഖല  റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ  Mudra scheme  Mudra scheme faces loan effect  reserve bank  banking sector
മുദ്ര

By

Published : Dec 11, 2019, 9:39 AM IST

രാജ്യത്തെ ചെറുകിട കർഷകർക്ക് സഹായം നൽകാന്‍ 2015 ൽ ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ) പദ്ധതി പ്രതിസന്ധിയില്‍. പദ്ധതി ലക്ഷ്യം കണ്ടെങ്കിലും വായ്‌പകൾ തിരിച്ചടക്കാത്തത് ബാങ്കിങ് മേഖലയിൽ ആശങ്ക സൃഷ്‌ടിക്കുകയാണ്. മുദ്ര പദ്ധതിയിലൂടെ നൽകിയ വായ്‌പകൾ തിരിച്ചടക്കാത്തത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം.കെ.ജെയ്ൻ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി. വായ്‌പാത്തുക തിരികെ നൽകാനുള്ള ശേഷി ഇടപാടുകാരനുണ്ടോ എന്ന് വായ്‌പ നൽകുന്നതിന് മുമ്പ് തന്നെ ബാങ്കുകൾ ഉറപ്പുവരുത്തണമെന്നും ജെയ്ൻ ആവശ്യപ്പെട്ടു. മുമ്പും പലതവണ ഇക്കാര്യം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍മാര്‍ സൂചിപ്പിച്ചിരുന്നതാണ്.

സൂക്ഷ്‌മ-ചെറുകിട-ഇടത്തരം കച്ചവടക്കാർക്ക് വായ്‌പയായി കൊടുക്കുന്ന തുക അവർ തിരിച്ചടയ്ക്കാത്തത് ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ആർബിഐ മുന്‍ ഗവർണർ രഘുറാം രാജൻ കഴിഞ്ഞ വർഷം തന്നെ സൂചന നൽകിയിരുന്നു. ബാങ്കിങ് രംഗത്തും സർക്കാർ തലത്തിലും ഇത് വലിയ ചർച്ചയാവുകയും ചെയ്‌തിരുന്നു. മുദ്ര പദ്ധതി തുടങ്ങി നാലര വർഷത്തിനിടെ 10 ലക്ഷം കോടിയിലേറെ രൂപ 21 കോടി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്‌തു. സൂക്ഷ്‌മ-ചെറുകിട-ഇടത്തരം കച്ചവടക്കാർക്ക് ഈടൊന്നും നൽകാതെ തന്നെ 10 ലക്ഷം രൂപ വരെ വായ്‌പയായി നൽകാനാണ് മുദ്ര പദ്ധതി ലക്ഷ്യമിടുന്നത്. തുക നൽകിയതിലൂടെ സൂക്ഷ്‌മ-ചെറുകിട കച്ചവടക്കാരുടെ സംരംഭങ്ങൾ വളരുകയും അവർ സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്‌തു. എന്നിരുന്നാലും തിരിച്ചടവിന്‍റെ കാര്യം പരിതാപകരമാണ്. 2016-17 വർഷത്തിൽ 5067 കോടി രൂപ തിരിച്ചടക്കാൻ ഉണ്ടായിരുന്നെങ്കിൽ, 2017-18 സാമ്പത്തിക വർഷം അത് 7277 കോടിയായി ഉയർന്നു. 2018-19ൽ തുക പിന്നെയും വർദ്ധിച്ച് 16481 കോടിയിലെത്തി. ഈ സംഖ്യ വർഷം തോറും വര്‍ധിച്ചു വരുമെന്നാണ് കണക്കാക്കപ്പടുന്നത്.

മുദ്ര വായ്‌പ പട്ടിക

നോട്ടു നിരോധനത്തിന്‍റെ പ്രത്യാഘാതങ്ങൾ കെട്ടടങ്ങും മുമ്പ് ജിഎസ്‌ടി എന്ന ചരക്കു സേവന നികുതി കൂടി പ്രാബല്യത്തിലായതോടെ രാജ്യത്തെ പെട്ടിക്കട നടത്തി ജീവിക്കുന്നവരെപ്പോലുള്ള ചെറിയ ചെറിയ കച്ചവടക്കാർക്ക് അത് തിരിച്ചടിയായി. തത്ഫലമായി ഇവരുടെ കച്ചവടം നഷ്‌ടത്തിലാവുകയും വായ്‌പാത്തുക തിരിച്ചടക്കാൻ കഴിയാതെ വരികയും ചെയ്‌തു. അങ്ങനെ ബാങ്കുകളുടെ കിട്ടാക്കടവും കൂടിവന്നു. നൈപുണ്യവികസനം സാധ്യമല്ലാത്തതുകൊണ്ട്, ചെറിയ രീതിയിൽ വ്യവസായം തുടങ്ങിയവർക്ക് വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെയായി. ശിശു പദ്ധതി പ്രകാരം 50000 രൂപ വായ്‌പയെടുത്തവരിൽ പലർക്കും കട പൂട്ടേണ്ടിയും വന്നു. റെഡിമെയ്‌ഡ് വസ്ത്ര വിൽപ്പനക്കാർ, ബേക്കറി ഉടമകൾ, ലഘുഭക്ഷണശാലാ നടത്തിപ്പുകാർ, ചായക്കടക്കാർ-എല്ലാവരും വിപണിയിൽ പ്രതിസന്ധി നേരിട്ടു.

നിർമാണമേഖലയിലുള്ള ചെറുകിട വ്യാപാരികൾ വായ്‌പാത്തുക തിരിച്ചടച്ചെങ്കിലും വിപണിയിലെ മത്സരത്തില്‍ പരാജയപ്പെട്ട് ധനനഷ്ടം സംഭവിച്ചു. ആഭ്യന്തര ഉൽപ്പന്നങ്ങളും ചൈനയിൽ നിന്നും വിയറ്റ്നാമിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളും ലഭ്യമായതോടെ, പുറത്തു നിന്നു വരുന്ന ഉൽപ്പന്നങ്ങൾക്ക് താരതമ്യേന വിലക്കുറവ് വന്നപ്പോൾ, ഉപഭോക്താക്കൾക്ക് അവ പ്രിയങ്കരമായി. നമ്മുടെ കച്ചവടക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലുമായി. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് സർക്കാർ നികുതി ചുമത്തിയിട്ടുണ്ടെങ്കിലും, മാർക്കറ്റിൽ അനധികൃതമായെത്തുന്ന ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടാൻ തുടങ്ങിയതോടെ, നിർമാണരംഗവും പ്രയാസം നേരിട്ടു.

സ്വീകരിക്കേണ്ട അടിയന്തര നടപടികൾ

തിരിച്ചടക്കാത്ത വായ്‌പകളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങൾ ശേഖരിച്ച് പട്ടിക തയ്യാറാക്കി നടപടിയെടുക്കണം. വായ്‌പ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ബാങ്കുകൾക്ക് നഷ്ടം സംഭവിക്കാത്ത തരത്തിൽ പുതുക്കേണ്ടതുണ്ട്. സൂക്ഷ്‌മ-ചെറുകിട-ഇടത്തരം കച്ചവടക്കാർക്ക് അനുവദിക്കുന്ന വായ്‌പാപരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തണം. എസ്.കെ.സിൻഹ കമ്മിറ്റി നിർദേശിച്ച പ്രകാരം ശശി, കിഷോർ, തരുൺ പദ്ധതികളിലൂടെ കച്ചവടക്കാർക്ക് നൽകുന്ന തുകയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണം. തിരിച്ചടവ് മുടങ്ങുന്നു എന്ന കാരണത്താൽ മാത്രം ആർബിഐക്ക് ബാങ്കുകളെ വായ്‌പ നൽകുന്നതിൽ നിന്ന് തടയാൻ കഴിയില്ല. ബാങ്കുകൾക്കും ഗുണഭോക്താക്കൾക്കും നഷ്‌ടം വരാത്ത തരത്തിൽ വായ്‌പാ നിബന്ധനകൾ മാറ്റിയെടുക്കണം. കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ സാധ്യമായ എല്ലാ മാർഗങ്ങളും തേടണം.

പിഎസ്ബിയുടെ അലംഭാവം

വായ്‌പകൾ തിരിച്ചുപിടിക്കുന്നതിൽ വരുത്തുന്ന പരാജയം വർഷം തോറും പിഎസ്ബികൾ ആവർത്തിക്കുമ്പോൾ, മറ്റു ബാങ്കുകൾ സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രകടനം കാഴ്‌ച വച്ചിട്ടുണ്ട്. പദ്ധതികൾ നടപ്പിൽ വരുത്താനും തകരാറില്ലാത്ത തരത്തിൽ അവ മുന്നോട്ടു കൊണ്ടു പോകാനുമുള്ള നിരന്തര പരിശ്രമം ആവശ്യമാണ്. സർക്കാർ വായ്‌പകൾ തിരിച്ചടക്കുന്നതിൽ അച്ചടക്കം പാലിക്കേണ്ടതില്ല എന്ന രീതിയിൽ പുറത്തു വരുന്ന പ്രചാരണങ്ങൾ വാസ്‌തവത്തിൽ, മുദ്ര വായ്‌പയുടെ ശോഭ കെടുത്തുകയാണ്. ഒപ്പം വായ്‌പകൾ നൽകാനുള്ള ബാങ്കുകളുടെ താൽപ്പര്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

ABOUT THE AUTHOR

...view details