ന്യൂഡൽഹി: ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്ക് കറന്‍സി അച്ചടിക്കരുതെന്നും ഇത് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും പ്രമുഖ സാമ്പത്തിക വിദഗ്‌ധന്‍ പിനാകി ചക്രവർത്തി. ഉയർന്ന പണപ്പെരുപ്പം തീർച്ചയായും ആശങ്കാജനകമാണ്. അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്‌ടർ കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വീണ്ടെടുപ്പിന്‍റെ വേഗത പ്രധാനം
കൊവിഡിന്‍റെ തുടക്കത്തിൽ തന്നെ നോട്ട് അച്ചടി ചർച്ചയായതാണ്. റിസർവ് ബാങ്ക് അത്തരം ഒരു നടപടിയിലേക്ക് കടക്കുമെന്ന് കരുതുന്നില്ല. റിസർവ് ബാങ്കും സർക്കാരും തമ്മിലുള്ള ധാരണാപത്രം വഴി 1996ൽ ഇത്തരം നോട്ട് അച്ചടി നിർത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്‍റെ ആദ്യ തരംഗത്തിനിടയിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ചതാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി. മൂന്നാം തരംഗം ഉണ്ടായില്ലെങ്കിൽ സമ്പദ് രംഗം വേഗത്തിൽ വീണ്ടെടുപ്പ് നടത്തും.
Also Read: കൊവിഡ് : കണ്ടങ്കി സാരി വ്യവസായം അടച്ചുപൂട്ടൽ ഭീഷണിയിൽ
ജോലി നഷ്ടപ്പെട്ടവർക്ക് സർക്കാർ പണം നൽകുന്നത് ഒരു താത്കാലിക ആശ്വാസമാണ്. എന്നാൽ സാമ്പത്തിക രംഗം വീണ്ടെടുപ്പ് നടത്തുന്നതിന്‍റെ വേഗതയെ ആശ്രയിച്ചായിരിക്കും തൊഴിൽ സാധ്യതകൾ.
സാമ്പത്തിക രംഗത്തെ ഉത്തേജനമാണ് സർക്കാരിന്‍റെ എല്ലാ നടപടികൾക്ക് പിന്നിലുമുള്ള ലക്ഷ്യമെന്നും പിനാക്കി ചക്രബർത്തി പറഞ്ഞു. ബജറ്റിലൂടെ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുമ്പോൾ ധനക്കമ്മി വർധിക്കും.
കഴിഞ്ഞ തവണ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനത്തിലെത്തിയിരുന്നു. സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി പരിശോധിച്ചാല്‍ അത് ജിഡിപിയുടെ 4.5 ശതമാനത്തോളം ആയിരിക്കും.