കേരളം

kerala

ETV Bharat / business

സ്വകാര്യവൽക്കരണം: മൂന്ന് പരീക്ഷണങ്ങളിലൂടെ പ്രതികരണം വിലയിരുത്താൻ സർക്കാർ - സ്വകാര്യവൽക്കരണം

പൂജ മെഹ്‌റ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയും The Lost Decade(2008-18): How the Growth Story Devolved into Growth Without a story എന്ന പുസ്‌തകത്തിന്‍റെ രചയിതാവുമാണ്

സ്വകാര്യവൽക്കരണം: മൂന്ന് പരീക്ഷണങ്ങളിലൂടെ പ്രതികരണം വിലയിരുത്താൻ സർക്കാർ

By

Published : Nov 22, 2019, 4:12 PM IST

പൂജ മെഹ്‌റ

സ്വകാര്യവൽക്കരണം പുനരാരംഭിക്കാനും കേന്ദ്ര സർക്കാരിന്‍റെ നികുതി- ഇതര വരുമാന സമാഹരണത്തിന് ആക്കം കൂട്ടാനും ലക്ഷ്യമിട്ട് അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ (സിപിഎസ്ഇകൾ) ഓഹരി വിറ്റഴിക്കാൻ സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റി (സിസിഇഎ) അനുമതി നൽകിയിരിക്കുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, തെഹ്‌രി ഹൈഡ്രോ പവർ ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് (ടിഎച്ച്ഡിസിഐഎൽ), നോർത്ത് ഈസ്‌റ്റേൺ ഇലക്‌ട്രിക് പവർ കോർപറേഷൻ ലിമിറ്റഡ് (എൻഇഇപിസിഒ) എന്നിവയാണ് സ്വകാര്യവത്കരിക്കുന്ന സ്ഥാപനങ്ങൾ.

തന്ത്രപരമായ ഈ ഓഹരി വിറ്റഴിക്കലിൽ ഉടമസ്ഥാവകാശ കൈമാറ്റവും മാനേജ്മെന്‍റ് നിയന്ത്രണവും ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഈ അഞ്ച് പൊതുമേഖലാസ്ഥാപനങ്ങളുടേയും സ്വകാര്യവൽക്കരണത്തിന് അംഗീകാരം നൽകിയിട്ടില്ല. ഇപ്പോൾ അംഗീകാരം നൽകിയിട്ടുള്ളത് ടിഎച്ച്ഡിസിഐഎൽ, എൻഇഇപിസിഒ എന്നിവയുടെ സർക്കാർ ഓഹരികൾ എൻടിപിസി ഏറ്റെടുക്കപ്പെടുന്ന രണ്ട് സ്ഥാപനങ്ങളും പൊതുമേഖലയിൽ തുടരും.

എന്നാൽ മറ്റുള്ളവയുടെ ഉടമസ്ഥത, ഓഹരി വിറ്റഴിക്കൽ പ്രക്രിയയുടെ ഫലം അനുസരിച്ച് സ്വകാര്യ മേഖലക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. സർക്കാർ ഉടമസ്ഥതയിലുള്ള ബിപിസിഎല്ലിലെ സർക്കാരിന്‍റെ 53.3 ശതമാനം ഓഹരികളും വിറ്റഴിക്കപ്പെടുകയും സർക്കാരിന്‍റെ നിലവിലുള്ള നിയന്ത്രണാധികാരം പുതിയ ഉടമക്ക് കൈമാറുകയും ചെയ്യുന്നതായിരിക്കും. ഫലത്തിൽ, ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനാണ് അംഗീകാരം നൽകിയിട്ടുള്ളത്.

നിലവിൽ ബിപിസിഎല്ലിന് മറ്റൊരു പൊതുമേഖല സ്ഥാപനമായ നുമാലിഗഢ് റിഫൈനറി ലിമിറ്റഡിൽ (എൻആർഎൽ) 61.65 ശതമാനം ഓഹരികളുടെ ഉടമസ്ഥതയുണ്ട്. എന്നാൽ നുമാലിഗഢ് നിർദ്ദിഷ്‌ട സ്വകാര്യവൽക്കരണ പദ്ധതിയുടെ ഭാഗമല്ല. ഈ സാഹചര്യത്തിൽ എൻആർഎല്ലിലെ ബിപിസിഎല്ലിന്‍റെ ഓഹരികളും മാനേജ്മെന്‍റ് നിയന്ത്രണാധികാരവും എണ്ണ- വാതക മേഖലയിൽ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും പൊതുമേഖല സ്ഥാപനത്തിന് കൈമാറുന്നതായിരിക്കും.

ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ 63.7 ശതമാനം വരുന്ന സർക്കാരിന്‍റെ മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ സിസിഇഎ അംഗീകാരം നൽകിയിട്ടുണ്ട്. കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സർക്കാരിന് നിലവിൽ 54.8 ശതമാനം ഓഹരികളുണ്ട്. ഇതിൽ 30.8 ശതമാനം ഓഹരികൾ വിൽക്കാനാണ് സിസിഇഎ അനുമതി നൽകിയിട്ടുള്ളത്.

ബിപിസിഎൽ, ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്തിട്ടുള്ള കമ്പനികളാണ്. ബുധനാഴ്ചയിലെ (20 നവംബർ,2019) ക്ലോസിംഗ് ഓഹരി വില അനുസരിച്ച് ഈ സ്ഥാപനങ്ങളിലെ വിറ്റഴിക്കാൻ നിശ്ചയിച്ചിട്ടുള്ള സർക്കാർ ഓഹരികളുടെ മൂല്യം യഥാക്രമം 62,892 കോടി, 2,019 കോടി, 5,722 കോടി രൂപ വീതമാണ്.


ബുധനാഴ്ചയിലെ ഓഹരി വില അനുസരിച്ച് ഈ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ മൊത്ത വരുമാനം 70,866 കോടി രൂപ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ധനകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിലെ സാമ്പത്തിക വർഷത്തിൽ ഇതുവരെയായി ഓഹരിവിറ്റഴിക്കലിലൂടെ സർക്കാർ സമാഹരിച്ചിട്ടുള്ളത് 17,364 കോടി രൂപയാണ്.

ടിഎച്ച്ഡിസിഐഎൽ, എൻഇഇപിസിഒ എന്നിവ ലിസ്റ്റഡ് കമ്പനികളില്ല. എന്നാൽ ഈ കമ്പനികളിലെ സർക്കാർ ഓഹരികൾ എൻടിപിസിക്ക് കൈമാറുന്നതിലൂടെ നിലവിലെ സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 1,05,000 കോടി രൂപ സമാഹരിക്കുക എന്ന സർക്കാരിന്‍റെ ലക്ഷ്യം കൈവരിക്കപ്പെടും.

സ്വകാര്യവൽക്കരിക്കാൻ പോകുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മാനേജ്മെന്‍റ് നിയന്ത്രണവും ഓഹരി ലേലം വില്‍പനയിലൂടെ കൈമാറാനുള്ള സർക്കാർ നീക്കത്തോട് സ്വകാര്യമേഖല എത്രത്തോളം ആവേശത്തോടെ പ്രതികരിക്കുമെന്ന് മാത്രമാണ് ഇനി കണ്ടറിയാനുള്ളത്.

കോർപറേറ്റ് മേഖലയുടെ പൊതുവായ ലിക്വിഡിറ്റി അവസ്ഥയും നിലവിലെ സാമ്പത്തിക മാന്ദ്യവും കണക്കിലെടുക്കുമ്പോൾ സർക്കാർ ഓഹരികൾ ലേലത്തിൽ വാങ്ങാൻ വരുന്നവർ അതിനായി സ്വന്തം വിഭങ്ങളും മിച്ചധനവും ഉപയോഗിക്കുമോ അതോ ബാങ്കുകൾ, കോർപറേറ്റ് ബോണ്ടുകൾ അല്ലെങ്കിൽ ബാഹ്യ വാണിജ്യ വായ്പകൾ(ഇസിബികൾ) എന്നിവ വഴി ധനസമാഹരണം നടത്തുമോ എന്ന് അറിയേണ്ടതുണ്ട്.

സ്വകാര്യമേഖല സർക്കാരിന്‍റെ ഓഹരിവിറ്റഴിക്കലിൽ ലേലത്തിൽ സജീവ താൽപര്യം കാണിച്ചില്ലെങ്കിൽ കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നതിന് പകരം സർക്കാർ മറ്റൊരു മാർഗം സ്വീകരിച്ചേക്കാം. ഇതിനായി, തെരഞ്ഞെടുക്കപ്പെട്ട സിപിഎസ്ഇകളിൽ, ഓരോ കേസുകളുടേയും അടിസ്ഥാനത്തിൽ അവയിലെ സർക്കാരിന്‍റെ മാനേജ്മെന്‍റ് നിയന്ത്രണം നിലനിർത്തിക്കൊണ്ടുതന്നെ, ഉടമസ്ഥത 51ശതമാനം ഓഹരികളിൽ താഴെയാക്കാൻ സിസിഇഎ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇതുവഴി ഓഹരി വിറ്റഴിക്കലിലൂടെ വിദേശ സ്ഥാപന നിക്ഷേപകരിൽനിന്നും ആഭ്യന്തര വ്യക്തിഗത നിക്ഷേപകരിൽ നിന്നും ധനസമാഹരണം നടത്താൻ സർക്കാരിന് സാധിക്കും.

ഫലത്തിൽ ബിപിസിഎൽ, ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ കാര്യത്തിലൂടെ സ്വകാര്യവൽക്കരണത്തോട് സ്വകാര്യമേഖല എത്രത്തോളം താൽപര്യം പ്രകടിപ്പിക്കുന്നു എന്നാണ് സർക്കാർ പരീക്ഷിച്ചറിയാൻ ശ്രമിക്കുന്നത്. പ്രതീക്ഷിച്ച താൽപര്യം സ്വകാര്യമേഖല പ്രകടിപ്പിക്കുന്നില്ലെങ്കിൽ മറ്റൊരു മാർഗവും സർക്കാരിന്‍റെ ആലോചനയിലുണ്ട്. തെരഞ്ഞെടുത്ത പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥതയിൽ അയവുവരുത്തുകയും അതേസമയം മാനേജ്മെന്‍റ് നിയന്ത്രണം കൈവിടാതിരിക്കുകയും ചെയ്തുകൊണ്ട് ഓഹരിവിപണിയിലൂടെ സർക്കാർ ഓഹരികൾ വിറ്റഴിക്കുക എന്നതാണ് ആ ബദൽ മാർഗം.

ABOUT THE AUTHOR

...view details