ലോട്ടറി നികുതി ഏകീകരണത്തിനെതിരെ കേരളം
പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെയാണ് നിയമസഭ പ്രമേയം പാസാക്കിയത്.
തിരുവനന്തപുരം: ലോട്ടറികളുടെ ജിഎസ‌്ടി നിരക്ക‌് ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. കേരള സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും ഇതര സംസ്ഥാന, സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും എന്ന നിലവിലെ രീതി നിലനിര്‍ത്തണമെന്നായിരുന്നു ആവശ്യം. ധനമന്ത്രി തോമസ് ഐസക് പ്രമേയം അവതരിപ്പിച്ചു. ലോട്ടറികളുടെ ജിഎസ‌്ടി നിരക്ക‌് ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം ലോട്ടറി വില്‍പ്പനക്കാരുടെയും ഏജന്‍റുമാരുടെയും വരുമാനത്തെ തകര്‍ക്കുമെന്നും സംസ്ഥാനത്തിന്‍റെ വരുമാനത്തില്‍ കുറവുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. ലോട്ടറി മാഫിയകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നികുതി ഏകീകരണ നീക്കത്തെ ചെറുക്കുന്നതിൽ ധനമന്ത്രിയുടെ നിശ്ചയദാർഢ്യം അഭിനന്ദനാർഹമാണെന്ന‌് കെഎൻഎ ഖാദറും അഭിപ്രായപ്പെട്ടു.