ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസിയായ ഇന്ത്യ റേറ്റിങ്ങ്‌സ്. ലോക്ക് ഡൗണുകൾ രാജ്യത്തെ വിതരണ ശൃംഖല, വിദേശ നിക്ഷേപം, ആഭ്യന്തര ക്രെഡിറ്റ് മാർക്കറ്റ് എന്നിവയെ തടസപ്പെടുത്തും. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതം വാക്‌സിനേഷന്‍റെ വേഗതയെ ആശ്രയിച്ചാകുമെന്നും ഇന്ത്യ റേറ്റിങ്ങ്‌സ് പറയുന്നു.
ഏപ്രിൽ ഏഴിന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1.26 ലക്ഷത്തിൽ എത്തിയിരുന്നു. എക്കാലത്തേയും ഉയർന്ന നിരക്കായിരുന്നു ഇത്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യയുടെ കാര്യം ആഗോള തലത്തിൽ നിന്നും വ്യത്യസ്ഥമാണെന്നും ഇന്ത്യ റേറ്റിങ്ങ്‌സ് ചൂണ്ടിക്കാണിക്കുന്നു. മാസ് വാക്‌സിനേഷനുകളുടെ ഭാഗമായി ആഗോള തലത്തിൽ രണ്ടാം ഘട്ടത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോൾ ഇന്ത്യയിൽ എണ്ണം ഉയരുകയാണ്.
കൊവിഡ് കേസുകളുടെ വർധനവും പ്രാദേശിക ലോക്ക് ഡൗണുകൾക്കുള്ള സാധ്യതയും വിവിധ മേഖലകളിലെ വിതരണ ശൃംഖലയ്‌ക്ക് വെല്ലുവിളിയാണ്. എന്നിരുന്നാലും കഴിഞ്ഞ ഒരു വർഷത്തെ ദേശീയ ലോക്ക് ഡൗണ്‍ കമ്പനികളെ നിയന്ത്രണങ്ങൾക്കിടയിലും വിതരണം നടത്താനുള്ള നിലയിലേക്ക് അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികതയും വികസിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യ റേറ്റിങ്ങ്‌സ് ചൂണ്ടിക്കാട്ടുന്നു. ഇതിനായി കമ്പനികൾ നൂതന ആശയങ്ങളും യന്ത്രവൽക്കരണവും ത്വരിതപ്പെടുത്തി.
ലോക്ക് ഡൗണുകൾ സാധന വിതരണത്തിന്‍റെ ചിലവ് ഉയർത്തുമെന്നും ഇന്ത്യ റേറ്റിങ്ങ്‌സ് സമർഥിക്കുന്നു. നിലവിൽ ഇന്ധന വിലയിൽ ഉണ്ടായ വർധനവ് തന്നെ വിതരണ- യാത്രാ ചെലവ് ഉയർത്തിയ സാഹചര്യത്തിലാണ് വീണ്ടും വർധനക്ക് സാധ്യത. ഇന്ധന വില വർധനവ് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും ഏജൻസി പറയുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേലുള്ള അമിത നികുതിയിൽ കേന്ദ്ര ബാങ്ക് ആയ റിസർവ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡ് മൂലം വരുമാനം കുറഞ്ഞതിനാൽ ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്രവും ഒട്ടുമിക്ക സംസ്ഥാനങ്ങളും തയ്യാറായതുമില്ല.
ബുധനാഴ്ച പ്രഖ്യാപിച്ച ധനനയത്തിൽ, ആഗോളതലത്തിലെ വില വർധനവ് ആഭ്യന്തര വിപണിയെയും ബാധിക്കുമെന്ന ആശങ്ക റിസർവ് ബാങ്ക് പ്രകടിപ്പിച്ചിരുന്നു. ഇൻപുട്ട് കോസ്റ്റിൽ ഉണ്ടാകുന്ന വർധനവ് തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും നയപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.