ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനധികൃത സിഗററ്റുകള്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അനധികൃത സിഗററ്റുകള്‍ ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടുന്നത്.
നിരവധി ബ്രാന്‍റഡ് സിഗററ്റുകളുടെ വ്യാജ പതിപ്പ് ഉള്‍പ്പെടെയാണ് ഇവരുടെ നിര്‍മ്മാണത്തിലുള്ളത്. 1951 ലെ ഇൻഡസ്ട്രീസ് ഡെവലപ്മെന്‍റ് റെഗുലേഷൻ ആക്റ്റ് (ഐഡിആർ) നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇത്തരം അനധികൃത കമ്പനികള്‍ ഇന്ത്യയില്‍ ചുവട് ഉറപ്പിക്കുന്നത്. 1991 ലെ ഡി-ലൈസൻസിങിന് ശേഷം, അഞ്ച് സിഗററ്റ് കമ്പനികള്‍ മാത്രമേ നിർബന്ധിത ലൈസൻസിങിന് വിധേയമായിട്ടുള്ളൂ. ഇതിന് ശേഷം ഒരു കമ്പനിക്ക് പൊലും ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ അമ്പതില്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന യൂണിറ്റുകള്‍ക്കും വൈദ്യുതിയുടെ സഹായമില്ലാതെ 100 തൊഴിലാളികള്‍ ജോലി ചെയ്യുന്ന യൂണിറ്റുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമല്ല എന്ന ഇന്ത്യയിലെ നിയമമാണ് ഇവര്‍ ദുരുപയോഗം ചെയ്യുന്നത്. പുകയില ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2018 ൽ 41 പുകയില നിർമ്മാതാക്കളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.