ന്യൂഡൽഹി: രാജ്യത്തെ ചില്ലറ, മൊത്ത വ്യാപാരങ്ങളെ ഇനിമുതൽ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളായി (MSME- micro, small and medium enterprises) അംഗീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു. ചില്ലറ, മൊത്ത വ്യാപാരത്തെ എംഎസ്‌എംഇ ആയി പരിഗണിക്കാനും വായ്‌പക്കുള്ള ആർബിഐയുടെ മുൻഗണനാ ആനുകൂല്യം നൽകാനും തീരുമാനിച്ചതായി മന്ത്രി ട്വീറ്റ് ചെയ്‌തു. കേന്ദ്രത്തിന്‍റെ തീരുമാനം 2.5 കോടിയോളം വ്യാപാരികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
ചില്ലറ, മൊത്ത വ്യാപാരികൾക്ക് സഹായവുമായി കേന്ദ്ര സർക്കാർ - nitin gadkari
ചില്ലറ, മൊത്ത വ്യാപാരത്തെ എംഎസ്‌എംഇ ആയി പരിഗണിക്കാനും വായ്‌പക്കുള്ള ആർബിഐയുടെ മുൻഗണനാ ആനുകൂല്യം നൽകാനും കേന്ദ്ര സർക്കാർ തീരുമാനം
കൊവിഡ് മൂലം നഷ്ടം നേരിടുന്ന വ്യാപാരികൾക്ക് വേഗത്തിൽ വായ്‌പകൾ ലഭിക്കാൻ കേന്ദ്രത്തിന്‍റെ തീരുമാനം സഹായിക്കുമെന്ന് വ്യാപാരികളുടെ അഖിലേന്ത്യാ കോൺഫെഡറേഷൻ (സിഐടി) പ്രതികരിച്ചു. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം കിട്ടുന്നത് കൂടാതെ എംഎസ്‌എംഇ വിഭാഗത്തലെ മറ്റ് സർക്കാർ ആനുകൂല്യങ്ങളും വ്യാപാരികൾക്ക് ലഭിക്കുമെന്ന് സിഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ പറഞ്ഞു.
വായ്‌പ അനുവദിക്കുന്നതിൽ കൃഷി, എംഎസ്എംഇ, പാർപ്പിടം, കയറ്റുമതി, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളാണ് ആർബിഐയുടെ മുൻഗണനാ പട്ടികയിൽ ഉള്ളത്. റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച്, എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും വിദേശ ബാങ്കുകളും അവരുടെ നെറ്റ് ബാങ്ക് ക്രെഡിറ്റിന്‍റെ (എഎൻഡിസി) 40 ശതമാനം വരെ ഇത്തരം മേഖലകൾക്ക് വായ്പ നൽകുന്നതിനായി നീക്കിവെക്കണം.
സമാനമായി, പ്രാദേശിക ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകൾ അവരുടെ മൊത്തം വായ്‌പ ശേഷിയുടെ 75 ശതമാനവും ഈ മേഖലകൾക്ക് അനുവദിക്കണം. 2020ൽ എംഎസ്‌എംഇകൾക്ക് വായ്പ നൽകുന്നതിനായി കേന്ദ്രസർക്കാർ 3 ലക്ഷം കോടി രൂപയുടെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇസിഎൽജിഎസ്) പുറത്തിറക്കിയിരുന്നു. ഈ ആഴ്ച ആദ്യം ധനമന്ത്രാലയം 1.5 ലക്ഷം കോടി രൂപകൂടി അധികമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.