ന്യൂഡൽഹി: ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന് 1.4 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യമാണെന്ന് സാമ്പത്തിക സർവേ. ദേശീയപാത, റെയിൽവേ, സിവിൽ ഏവിയേഷൻ, ടെലികോം, ഭവന നിർമ്മാണ മേഖലകളിലെ പദ്ധതികൾ വഴി പൊതുമേഖലയിൽ നിന്നും സ്വകാര്യമേഖലയിൽ നിന്നും നിക്ഷേപം ആകർഷിക്കാനാകുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെലിന്‍റിൽ അവതരിപ്പിച്ച സർവേ പറയുന്നു.
2024 - 2025 ഓടെ ജിഡിപി 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കെത്താൻ, അടിസ്ഥാന സൗ കര്യ വികസനത്തിനായി ഇന്ത്യ ഈ വർഷങ്ങളിൽ ഏകദേശം 1.4 ട്രില്യൺ ഡോളർ (100 ലക്ഷം കോടി രൂപ) ചെലവഴിക്കേണ്ടതുണ്ട്, അതിനാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് തടസമാകില്ല, എന്ന് സാമ്പത്തിക സർവേയിൽ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.
വൈദ്യുതി ക്ഷാമം, അപര്യാപ്‌തമായ ഗതാഗതം, മോശം കണക്റ്റിവിറ്റി എന്നിവ മൊത്തത്തിലുള്ള വളർച്ചാ പ്രകടനത്തെ ബാധിക്കുന്നുവെന്നും ഇത്തവണത്തെ സർവേയിൽ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ധനമന്ത്രി നിർമ്മല സീതരാമാൻ അവതരിപ്പിച്ച കന്നി ബജറ്റിൽ ഊന്നൽ നൽകിയിരുന്നത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതികളായ ഭാരത് മാല, സാഗര മാല എന്നീ പദ്ധതികൾക്ക് കീഴിൽ ദേശീയപാതകൾ, റെയിൽവേ ഇടനാഴികൾ, ജലപാതകൾ എന്നിവ നിർമ്മിക്കുന്നതിനെക്കുറിച്ച് സീതരാമാൻ സൂചിപ്പിച്ചിരുന്നു.
സർവേ പ്രകാരം 42.7 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുകയാണ്, ഇത് സർക്കാർ വിഭാവനം ചെയ്യുന്ന മൊത്തം പദ്ധതികളുടെ 42% വരും.
നാഷണൽ ഇൻഫ്രാസ്ട്രക്‌ചർ പൈപ്പ്ലൈൻ (എൻഐപി) അനുസരിച്ച്, പദ്ധതി ചെലവിന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകൾ 39 ശതമാനവും, ബാക്കി 22 ശതമാനം സ്വകാര്യമേഖലയിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ ഇൻഫ്രാസ്ട്രക്‌ചർ പൈപ്പ്ലൈനിന് ധനസമാഹരണം ഒരു വെല്ലുവിളിയാകും. പദ്ധതി ആവശ്യങ്ങൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, നഗര പ്രാദേശിക സർക്കാരുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾ, സ്വകാര്യ നിക്ഷേപകർ എന്നിവരിൽ നിന്നും, വിദേശത്തു നിന്നും ധനസഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.