ഹൈദരാബാദ്: ധനകാര്യ മന്ത്രി നിർമല സീതരാമൻ ഫെബ്രുവരി ഒന്നിന് പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കും. ‘കോടിപതി’ മുതൽ സാധാരണക്കാർ വരെ, കശ്‌മീർ മുതൽ കന്യാകുമാരി വരെ, രാജ്യം മുഴുവൻ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ബജറ്റിനായി കാത്തിരിക്കുകയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിൽ വളരുകയാണ്, തൊഴിലില്ലായ്‌മ നിരക്ക് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്, ഭക്ഷ്യവസ്‌തുക്കളുടെ വില പ്രതി ദിനം കൂടുന്നു. വേൾഡ് ഇകണോമിക് ഔട്ട് ലുക്ക്, ഗ്ലോബൽ സോഷ്യൽ മൊബിലിറ്റി ഇൻഡക്‌സ്, ഓക്‌സ്‌ഫാം റിപ്പോർട്ട്, ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം മുതലായവ ഇന്ത്യയുടെ സമ്പാദ്യ നിരക്ക് കുറയുകയാണെന്നും സമ്പന്നരും-ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സൂചിപ്പിക്കുന്നു.
എന്താണ് പോംവഴി? നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണം വിതരണത്തിലെ തടസങ്ങളേക്കാൾ ആവശ്യകതയിലെ(ഡിമാന്‍റ്) പ്രശ്‌നങ്ങളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിപണിയിൽ ആവശ്യത്തിന് ചരക്കുകളും സേവനങ്ങളും ലഭ്യമാകുമ്പോഴും, ആളുകളുടെ വാങ്ങൽ ശേഷി കുറയുന്നത് നിലവിലെ മാന്ദ്യത്തിന് കാരണമാകുന്നു. റിസർവ് ബാങ്ക് (ആർബിഐ) അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഉപഭോക്തൃ ആത്മവിശ്വാസം, ബിസിനസ് ആത്മവിശ്വാസം, ഫാക്‌ടറികളുടെ ശേഷി വിനിയോഗം എന്നിവ കുറയുന്നത് ചൂണ്ടിക്കാട്ടിയിരുന്നു, മേൽപ്പറഞ്ഞവയെല്ലാം ഡിമാൻഡ് കുറയുന്നതിലേക്ക് നയിക്കുന്നവയാണ്. ചുരുക്കത്തിൽ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരം ഡിമാന്‍റാണ്. പലിശ നിരക്ക് കുറയുന്നത് മൂലം ഉപഭോക്താക്കൾ കൂടുതൽ ഉപഭോഗം നടത്താൻ വേണ്ടിയാണ് 2019 ൽ കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചത്. എന്നാൽ, അത് പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയില്ല. ഓരോ മേഖലയിലെയും പൊതുനിക്ഷേപങ്ങളും ചെലവുകളും സമയബന്ധിതമായി വർധിപ്പിച്ചുകൊണ്ട് സാമ്പത്തിക മാന്ദ്യം കുറക്കാനായി വരാനിരിക്കുന്ന ബജറ്റിനെ ഉപയോഗപ്പെടുത്തുന്നത് ഈ അവസരത്തിൽ വിവേകപൂർവ്വമായ തീരുമാനമായിരിക്കും.