ന്യൂഡൽഹി: കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം ഡിസംബർ ആദ്യ വാരത്തോടെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി തേടും. വാരാണസി, അമൃത്‌സർ, ഭുവനേശ്വർ, ട്രിച്ചി, ഇൻഡോർ, റായ്പൂർ എന്നിവയാണ് ആറ് വിമാനത്താവളങ്ങൾ.
സ്വകാര്യവല്‍ക്കരണം കാത്ത് ആറ് വിമാനത്താവളങ്ങള്‍ കൂടി - റായ്പൂർവിമാനത്താവളം
വാരാണസി, അമൃത്‌സർ, ഭുവനേശ്വർ, ട്രിച്ചി, ഇൻഡോർ, റായ്പൂർ എന്നീ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ ക്യാബിനെറ്റ് അനുമതി തേടി കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യുടെ അംഗീകാരം ലഭിച്ചെന്നും ക്യാബിനെറ്റ് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ടെൻഡർ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് വ്യോമ ഗതാഗത മന്താലയത്തിന്‍റെ പ്രതീക്ഷ .
സർക്കാർ ആറ് വിമാനത്താവളങ്ങളെ സ്വകാര്യവൽക്കരിക്കാൻ നേരത്തെ അനുമതി നൽകുകയും അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു എന്നീ മൂന്ന് വിമാനത്താവളങ്ങളുടെ ടെൻഡർ അനുമതി കേന്ദ്ര മന്ത്രിസഭ അദാനി ഗ്രൂപ്പിന് നൽകിയിരുന്നു.മറ്റ് മൂന്ന് വിമാനത്താവളങ്ങളായ ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിവ ചില പ്രശ്‌നങ്ങൾ കാരണം നിർത്തിവച്ചിരിക്കുകയാണ്. എല്ലാ വിമാനത്താവളങ്ങളുടെയും കാര്യത്തിൽ,ടെൻഡർ കാലാവധി 50 വർഷമാണ്.
വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിലൂടെ കൂടുതൽ വരുമാനം ലഭിക്കുമെന്ന് എഎഐ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. എന്നാൽ സ്വകാര്യവല്‍കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ച് എഎഐയുടെ ജീവനക്കാർ തലസ്ഥാനത്തെ ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരം നടത്തി.