ബാങ്കോക്ക്:ഇന്ത്യയുടെ പ്രധാന ആശങ്കകൾ പരിഹരിക്കപ്പെടാത്തതിനാലാണ് റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) കരാറിൽ ചേരേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്‍റെയും ലോകത്ത് ഇന്ത്യയുടെ ഉയർച്ചയുടെയും ശക്തമായ പ്രതിഫലനമാണ് ആർസിഇപിയിലെ എൻഡിഎ യുടെ നിലപാടെന്നും, ഇന്ത്യയുടെ തീരുമാനം ഇന്ത്യൻ കർഷകരെയും ചെറുകിട സംരഭങ്ങളെയും ക്ഷീരമേഖലയെയും വളരെയധികം സഹായിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിചേർത്തു.
10 ആസിയാൻ രാജ്യങ്ങളും അതിന്‍റെ ആറ് എഫ്‌ടിഎ (സ്വതന്ത്ര വ്യാപാര കരാർ) പങ്കാളികളായ ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറാണ് ആർസിഇപി. 16 രാജ്യങ്ങളുടെ ഗ്രൂപ്പിൽ 3.6 ബില്യൺ ആളുകൾ അഥവാ ലോകജനസംഖ്യയുടെ പകുതിയോളം വരുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര-വ്യാപാര മേഖല സൃഷ്ടിക്കുകയെന്നതാണ് ആർസിഇപി ലക്ഷ്യമിടുന്നത്.
ആസിയാൻ ഉച്ചകോടിക്കിടെ 16 ആർസിഇപി രാജ്യങ്ങളിലെ വ്യാപാര മന്ത്രിമാരുമായുള്ള ചർച്ചകൾക്കിടയിൽ ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കരാറിൽ നിന്ന് ഇന്ത്യ പിൻമാറിയത്. കരാർ ഒപ്പിട്ടാൽ വിലകുറഞ്ഞ ചൈനീസ് കാർഷിക, വ്യാവസായിക ഉൽപന്നങ്ങൾ രാജ്യത്ത് നിറയാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പ്രധാനമായും ആഭ്യന്തര വിപണിയെ സംരക്ഷിക്കുന്നതിനായി ചരക്കുകളുടെ സംരക്ഷിത ലിസ്റ്റുകളും, വിപണി പ്രവേശം സംബന്ധിച്ച പ്രശ്നവും ഇന്ത്യ ശക്തമായി ഉന്നയിച്ചു. 2012 നവംബറിൽ 21-ാമത് ആസിയാൻ ഉച്ചകോടിക്കിടെയാണ് ആസിയാൻ നേതാക്കളും മറ്റ് ആറ് രാജ്യങ്ങളും ആർസിഇപി ചർച്ചകൾ ആരംഭിച്ചത്.