ന്യൂഡൽഹി: പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ (പിസിഎംസി) 500 കോടി രൂപയുടെ സ്‌മാർട്ട് സിറ്റി പദ്ധതി നേടിയതായി ഐടി കമ്പനിയായ ടെക് മഹീന്ദ്ര അറിയിച്ചു.
ഈ പദ്ധതിയിലൂടെ ടെക് മഹീന്ദ്ര പൂനെ ജില്ലയിലെ പിസിഎംസിയിലെ 15 ലക്ഷത്തിലധികം പൗരന്മാരുമായി ഇടപഴകുകയും സാങ്കേതികവിദ്യ വഴി നഗരത്തെ സ്‌മാർട്ടും സുസ്ഥിരവും ആക്കി മാറ്റുകയും ചെയ്യും.
പിസിഎംസിയുമായി സഹകരിച്ച് മഹീന്ദ്രയുടെ ടെക് എംഎൻഎക്‌സ്‌റ്റ് വഴി ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.
സർക്കാരിന്‍റെ സ്‌മാർട്ട് സിറ്റി അജണ്ടയെ പിന്തുണക്കാൻ ഇതിലൂടെ സാധിക്കുമെന്നും അത് വഴി രാഷ്ട്രനിർമ്മാണ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും 5 ട്രില്യൺ യുഎസ് ഡോളർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിന് മുതൽക്കൂട്ടാകുമെന്നും ടെക് മഹീന്ദ്രയിലെ എപിഎസി ബിസിനസ് ഹെഡ്, കോർപ്പറേറ്റ് അഫയേഴ്‌സ് പ്രസിഡന്‍റ് സുജിത് ബക്‌സി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ടെക് മഹീന്ദ്ര ഐസിടി (ഇൻഫർമേഷൻ ആന്‍റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി) സിറ്റി മുഴുവൻ അടിസ്ഥാന സൗകര്യങ്ങളായ സ്‌മാർട്ട് വാട്ടർ, സ്‌മാർട്ട് മലിന്യ സംസ്‌കരണം, സ്‌മാർട്ട് ട്രാഫിക്, സ്‌മാർട്ട് പാർക്കിംഗ്, സ്‌മാർട്ട് പരിസ്ഥിതി, സിസിടിവി നിരീക്ഷണം, ഡാറ്റാ സെന്‍റർ, ദുരന്ത നിവാരണ കേന്ദ്രം എന്നിവ നൽകും.
നഗരത്തിന്‍റെ ഭരണത്തെ പിന്തുണക്കുന്നതിനായി തത്സമയ ഡാറ്റ മാനേജ്മെന്‍റ്, അലേർട്ടുകൾ, ഡേറ്റാ പ്രോസസ്സിംഗ് എന്നിവ പ്രാപ്‌തമാക്കുന്നതിനും കമ്പനി സഹായിക്കും.
കാൺപൂർ, ഗാന്ധിനഗർ, നാസിക്, ജയ്‌പൂർ എന്നിവിടങ്ങളിലെ സ്‌മാർട്ട് സിറ്റി പ്രോജക്‌ടുകൾക്ക് പിന്നിലും ടെക് മഹീന്ദ്രയായിരുന്നു.