ന്യൂഡൽഹി: ജോലി തെരഞ്ഞെടുക്കുമ്പോൾ എല്ലാവരും പരിഗണിക്കുന്ന കാര്യമാണ് സ്ഥാപനങ്ങളുടെ പേരും പെരുമയും വിശ്വാസ്യതയും. കരിയർ കെട്ടിപ്പടുക്കാൻ മികച്ച സ്ഥാപനങ്ങളുടെ പശ്ചാത്തലം അനിവാര്യമാണ്. ഇന്ത്യയിൽ ജോലി ചെയ്യാൻ അനുയോജ്യമായ മികച്ച ഇടങ്ങൾ തെരഞ്ഞെടുത്തിരിക്കുകയാണ് റാൻഡ്‌സ്റ്റഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് (REBR) 2021.
Also Read: ആഗോള സൈബർ സുരക്ഷ സൂചികയിൽ ഇന്ത്യയ്ക്ക് നേട്ടം ; രാജ്യം 10-ാം സ്ഥാനത്ത്
റാൻസ്റ്റഡിന്‍റെ സർവേയിൽ കണ്ടെത്തിയ ഇന്ത്യയിലെ ജോലി ചെയ്യാൻ അനുകൂലമായ ഏറ്റവും മികച്ച സ്ഥാപനം ഏതാണെന്ന് അറിയാമോ..? അത് മറ്റാരുമല്ല ഗൂഗിൾ ഇന്ത്യയാണ്. സാമ്പത്തിക അടിത്തറ, പ്രശസ്തി, ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് റാൻഡ്‌സ്റ്റഡ് രാജ്യത്തെ മികച്ച തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നുള്ള ഒരു സ്ഥാപനത്തിന് ആദ്യ മൂന്നിൽ ഇടം നേടാനായില്ല എന്നത് ശ്രദ്ധേയമാണ്. രണ്ടാം സ്ഥാനം ആമസോണ്‍ ഇന്ത്യയ്‌ക്കാണ്. മൈക്രോസോഫ്‌റ്റ് ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.
നാല് ഇന്ത്യൻ കമ്പനികൾ
ആദ്യ പത്തിൽ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങൾ മാത്രമാണ് ഉള്ളത്. അതിൽ രണ്ടും ടാറ്റയുടേതാണെന്ന പ്രത്യേകതയും ഉണ്ട്. ഇൻഫോസിസ് ടെക്നോളജീസാണ് നാലാം സ്ഥാനത്ത്. ടാറ്റാ സ്റ്റീൽസ് അഞ്ചാമതായി ഇടം നേടി. ഡെൽ ടെക്നോളജീസ് ലിമിറ്റഡ് (6), ഐബിഎം (7), ടാറ്റ കൺസൾട്ടൻസി സർവീസസ് (8), വിപ്രോ (9) സോണി (10) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് സ്ഥാപനങ്ങൾ.
ഇന്ത്യക്കാരുടെ പരിഗണന ശമ്പളത്തിന്
2021ലും ജോലി തെരഞ്ഞെടുക്കുന്നതിൽ ഇന്ത്യക്കാരുടെ പ്രഥമ പരിഗണന ശമ്പളവും, വർക്ക്- ലൈഫ് ബാലൻസും ആണെന്ന് സർവേ പറയുന്നു. 62 ശതമാനം പേർ ശമ്പളവും ആനുകൂല്യങ്ങളും പരിഗണിച്ചാണ് ജോലി തെരഞ്ഞെടുത്തത്. പൊതുവെ എല്ലാവരും തന്നെ ശമ്പളത്തിനൊപ്പം വർക്ക്- ലൈഫ് ബാലൻസും( 65 ശതമാനം) പരിഗണിക്കുന്നവരാണ്. 21 ശതമാനം ഇന്ത്യക്കാരും 2020ന്‍റെ അവസാനത്തോടെയുടം 36 ശതമാനം പേർ 2021 ആദ്യത്തോടെയും തൊഴിലിടം മാറിയവരാണ്.
ഇങ്ങനെ സ്ഥാപനങ്ങൾ മാറിയവർ 25നും 34നും വയസിനിടയിൽ ഉള്ളവരാണെന്നും സർവേ പറയുന്നു. കൂടാതെ കൊവിഡിനെ തുടർന്ന് 21 ശതമാനം പേർക്കാണ് കഴിഞ്ഞ ആറുമാസത്തിനുള്ളൽ തൊഴിലടം മാറേണ്ടി വന്നത്. വൈറ്റ് കോളർ ജോലിചെയ്യുന്ന 66 ശതമാനം ജീവനക്കാരും ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും പരിഗണിക്കുന്നവരാണ്. ബ്ലൂ കോളർ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം 64 ശതമാനം പേരും കൊവിഡിൽ നിന്ന് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന് മുഖ്യ പരിഗണന നൽകുന്നവരാണ്.
Also Read: ആണ് എത്തിയാല്‍ പിഴ ; പണത്തിലല്ല, അപൂര്‍വ കല്ലുകളാല്‍ ; പെണ്ണിന് മാത്രം പ്രവേശനമുള്ള കാട്
54 ശതമാനം വനിതകളും വർക്ക് ഫ്രം ഹോം സാധ്യതകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തപ്പോൾ 49 ശതമാനം പുരുഷന്മാർ മാത്രമാണ് ഇതിനെ പിന്തുണച്ചത്. കൂടുതൽ തൊഴിലന്വേഷകരും മാനസിക പിന്തുണ ലഭിക്കുന്ന അന്തരീഷത്തിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വരും വർഷങ്ങളിൽ ശമ്പളം എന്നതിലുപരി ആനുകൂല്യങ്ങളെ കൂടുതലായും പരിഗണിച്ച് തുടങ്ങുമെന്നും റാൻഡ്‌സ്റ്റഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയ വിശ്വനാഥ് പി.എസ് പറയുന്നു.
ഇന്ത്യയെ കൂടാതെ 33 രാജ്യങ്ങളിലാണ് റാൻഡ്‌സ്റ്റാഡ് സർവെ നടത്തിയത്. ഇന്ത്യയിൽ നിന്നുൾപ്പടെ 6,493 കമ്പനികളിൽ നിന്നായി 1,90,000 ജീവനക്കാരുടെ അഭിപ്രായമാണ് റാൻഡ്സ്റ്റാഡ് സ്വരൂപിച്ചത്. ഒരു തൊഴിൽ തെരഞ്ഞെടുക്കുമ്പോളുള്ള മുൻഗണനകളിൽ കാര്യമായ മാറ്റം ഉണ്ടായെന്നും സുരക്ഷിതത്വം മാത്രമല്ല ജീവിത രീതിയിലുണ്ടാക്കുന്ന മാറ്റം കൂടി ആളുകൾ പരിഗണിക്കാൻ തുടങ്ങിയെന്ന് റാൻഡ്സ്റ്റഡ് വിലയിരുത്തി.