ന്യൂഡല്‍ഹി: ജർമ്മൻ കാർ നിർമാതാക്കളായ സ്‌കോഡ പുതിയ മോഡലായ കുഷാഖിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് കുഷാഖ് എത്തുന്നത്. 'രാജാവ്' അല്ലെങ്കില്‍ 'ചക്രവർത്തി' എന്ന് അർഥം വരുന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് 'കുഷാഖ്' എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. തദ്ദേശീയമായ എംക്യുബി എഒ പ്ലാറ്റ്ഫോമിലാണ് കുഷാഖിന്‍റെ നിർമാണം.
കുഷാഖിന്‍റെ എക്‌സ്-ഷോറൂം വില 10.49 ലക്ഷം മുതല്‍ 17.59 ലക്ഷം വരെയാണ്. ജൂലൈ 12 മുതലാണ് വില്‍പ്ന ആരംഭിക്കുന്നത്. വോക്‌സാവാഗൻ ഗ്രൂപ്പിന്‍റെ ഇന്ത്യ 2.0 പ്രോജ്‌കടില്‍ നിന്നെത്തുന്ന ആദ്യ മോഡലാണ് കുഷാഖ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്‌സ്, എംജി ഹെക്‌ടർ എന്നിവയാണ് കുഷാഖിന്‍റെ എതിരാളികൾ.
ഡീസലില്ല, ടർബോചാർജ്‌ഡ് പെട്രോൾ മാത്രം
മൂന്ന് വേരിയന്റുകളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലുമാണ് കുഷാഖ് ലഭ്യമാകുന്നത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ ടർബോചാർജ്‌ഡ് എഞ്ചിനിലാണ് കുഷാഖ് പ്രവർത്തിക്കുന്നത്. ആദ്യത്തേത്ത് 113ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കും രണ്ടാമത്തേത് 148 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. ഡീസല്‍ എഞ്ചിനില്‍ കുഷാഖ് ലഭ്യമല്ല.