കുരുമുളക് ഇറക്കുമതിക്കെതിരെ പ്രതിഷേധം
കർഷകരിൽ നിന്നും ശേഖരിച്ച കുരുമുളക് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തപാലിലയക്കും.
അനിയന്ത്രിതമായ കുരുമുളക് ഇറക്കുമതിക്കെതിരെ പ്രത്യക്ഷ സമരവുമായി ചെറുകിട കർഷക ഫെഡറേഷൻ രംഗത്ത്. ആദ്യഘട്ട സമരമെന്ന നിലയിൽ കർഷകരിൽ നിന്നും ശേഖരിച്ച കുരുമുളക് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തപാൽ വഴി അയക്കും. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് തറ വിലയായി 500 രൂപയാണ് സർക്കാർ നിശ്ചയിച്ചത്. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കുരുമുളകിന് 300 രൂപ പോലും വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. അന്യായമായി ഇറക്കുമതി വർധിപ്പിക്കുകയും കള്ളക്കടത്തിന് നിയന്ത്രണം ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ചെറുകിട കുരുമുളക് കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും ഫെഡറേഷൻ ആരോപിച്ചു. ഈ മാസം 31നകം ജില്ലയിൽ മുഴുവൻ തപാൽ ഓഫീസുകളും വഴി വാണിജ്യ - കൃഷി മന്ത്രാലയത്തിലേക്ക് കുരുമുളക് അയക്കാനും കർഷക ഫെഡറേഷൻ തീരുമാനിച്ചു.