കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ 'ഒമിക്രോൺ' ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വാർത്ത വിവിധ വിപണിമേഖലകളെയാണ് ബാധിച്ചത്. ഇത് എണ്ണ വില കുത്തനെ ഇടിയുന്നതിന് കാരണമായി. ഇതോടെ ബ്രെന്‍റ് ക്രൂഡ് അഞ്ചാം ആഴ്ചയും നഷ്ടത്തിലേക്ക് കുതിക്കുകയാണ്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും (OPEC+) സഖ്യകക്ഷികളും പുതിയ കൊവിഡ് വകഭേദത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്.
Oil Price Slumps on Fears of Omicron: വാർത്ത പുറത്തുവന്ന വെള്ളിയാഴ്‌ച മാത്രം എണ്ണ വില ബാരലിന് 10 ഡോളറായി കുറഞ്ഞു. 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണിത്. ആഗോള ഓഹരി വിപണിയിൽ എണ്ണ വില ഇടിഞ്ഞതോടെ, പുതിയ വകഭേദം സാമ്പത്തിക വളർച്ചയെയും ഇന്ധനത്തിന്‍റെ ആവശ്യകതയെയും തളർത്തുമെന്ന ആശങ്ക വർധിപ്പിക്കുന്നു.
ALSO READ:അതിമാരകം ഒമിക്രോണ്‍: യാത്ര വിലക്കുമായി ലോക രാജ്യങ്ങള്‍, പടരുന്നത് അതിവേഗം: Covid New variant named Omicron
ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 9.21 ഡോളർ അഥവാ 11.2 ശതമാനം കുറഞ്ഞ് 73.02 ഡോളറിലെത്തി. യുഎസിന്‍റെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വില 10.10 ഡോളർ അഥവാ 12.9 ശതമാനം കുറഞ്ഞ് ബാരലിന് 68.29 ഡോളറിലെത്തി. തുടർച്ചയായ അഞ്ചാം ആഴ്ചയാണ് രണ്ട് വിപണികളും നഷ്ടത്തിൽ തുടരുന്നത്.
B.1.1.529 എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം കൂടുതൽ അപകടകാരിയാണോ, വാക്‌സിൻ പ്രതിരോധശേഷിയുള്ളതാണോ എന്ന കാര്യങ്ങൾ ഗവേഷകർ നിരീക്ഷിച്ച് വരികയാണ്. എങ്കിലും മുൻകരുതൽ നടപടിയെന്നോണം ബ്രിട്ടനും ചില യൂറോപ്യൻ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ തടയാനും യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തനും തീരുമാനിച്ചു.