കടക്കെണിയില്‍ അകപ്പെട്ട ജെറ്റ് എയര്‍വേയ്സിനെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമവുമായി സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയല്‍ രംഗത്ത്. ജെറ്റിന്‍റെ ഓഹരികള്‍ വാങ്ങാനായി ഗോയല്‍ ബിഡ് സമര്‍പ്പിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോഷ്യം തയ്യാറായില്ല. ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തിയതി ബുധനാഴ്ച ആയിരുന്നു എന്നാല്‍ ആരും ബിഡ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് സമയം വെള്ളിയാഴ്ച വരെ നീട്ടിയിരുന്നു.
കമ്പനിയുടെ സാമ്പത്തിക ബാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസത്തോടെയാണ് ഗോയല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. അടിയന്തര സഹായമെന്ന നിലയില്‍ 1500 കോടി രൂപ വായ്പ നല്‍കുവാന്‍ എസ്ബിഐയുടെ നേതൃത്വത്തില്‍ നടന്ന ബാങ്കുകളുടെ യോഗം തീരുമാനിച്ചെങ്കിലും ആര്‍ബിഐയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വായ്പ ഇത് വരെയും അനുവദിച്ചിട്ടില്ല.
അതേ സമയം ജെറ്റ് എയര്‍വേയ്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാത്രക്കാരുടെ അസൗകര്യം പരമാവധി കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വ്യോമയാന മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ പറഞ്ഞു.