രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് 2018-19 വര്‍ഷത്തില്‍ 1,244 കോടിയുടെ അറ്റാദായം നേടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41.54 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ബാങ്ക് കൈവരിച്ചത്.
ഫെഡറല്‍ ബാങ്കിന് 1,244 കോടിയുടെ അറ്റാദായം - അറ്റാദായം
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41.54 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ബാങ്ക് കൈവരിച്ചത്
ബാങ്കിന്റെ ആകെ ബിസിനസ് 20.28 ശതമാനം വര്‍ധിച്ച് 2,46,783.61 കോടി രൂപയിലെത്തി. ആകെ നിക്ഷേപങ്ങള്‍ 20.50 ശതമാനം വര്‍ധനയോടെ 1,34,954.34 കോടി രൂപയിലും എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ 17.66 ശതമാനം വര്‍ധനയോടെ 50,109.16 കോടി രൂപയിലുമാണ്. ആകെ വായ്പകള്‍ 20.02 ശതമാനം വര്‍ധിച്ച് 1,11,829.27 കോടി രൂപയായി. വാഹന വായ്പകളില്‍ 62.04 ശതമാനവും വ്യക്തിഗത വായ്പകളില്‍ 143.08 ശതമാനവും ഭവനവായ്പകളില്‍ 32.16 ശതമാനവും വര്‍ധനയുണ്ട്. ആകെ നിഷ്ക്രിയ ആസ്തികള്‍ 2.92 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 1.48 ശതമാനവുമാണ്.
ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തിലും ഗണ്യമായ വര്‍ധനവാണ് ബാങ്കിന് ഉണ്ടായിരിക്കുന്നത്. 25 ശതമാനത്തില്‍ നിന്ന് 43 ശതമാനം എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഫെഡ് ഇ എന്ന ആപ്ലിക്കേഷന്‍ മുഖേന 1400 കോടുയുടെ ഇടപാടുകള്‍ മാര്‍ച്ച് മാസം നടന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.