ലണ്ടന്‍:ലണ്ടന്‍ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രി ഓഹരി വിപണി തുറക്കുന്നത്. കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് വിദേശ പണം സമീകരിക്കാനുള്ള കിഫ്ബി പദ്ധതി ലണ്ടനിന്‍റെ ഓഹരി വിപണിയില്‍ ഇടം പിടിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് വിപണി തുറക്കാനുള്ള ക്ഷണം ലഭിച്ചത്.
ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്ന് കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
ആദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു മുഖ്യമന്ത്രി ലണ്ടന്‍ ഓഹരി വിപണിയില്‍ വ്യാപാരം തുറക്കുന്നത്
ഇതോടെ ലണ്ടൻ ഓഹരി വിപണിയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും കിഫ്ബിക്ക് സ്വന്തമായി. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ ഡോ. കെ എം ഏബ്രഹാം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ ദേശീയപാത അതോറിറ്റിയും എൻറ്റിപിസിയും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു.
കിഫ്ബി പദ്ധതി ദീര്‍ഘനാളായി പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബി ഇടം പിടിച്ചത്. മൂന്ന് വര്‍ഷത്തിനകം 50,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓഹരി വാങ്ങുന്നവർക്ക് റിട്ടേൺ സുസ്ഥിരമായി ഉറപ്പാക്കുന്ന യീൽഡ് കർവ്, വിദേശ വിപണിയിൽ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇത് രാജ്യത്തെ കീഴ്‍തല ഓഹരികളുടെ വിപണനത്തിനും വഴിയൊരുക്കും.