സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ സ്വന്തം വീടിന് സുരക്ഷ ഒരുക്കാന്‍ നമ്മളില്‍ പലരും മറന്നു പോകുകയാണ് പതിവ്. ആയുഷ്കാലത്തെ മുഴുവന്‍ സാമ്പാദ്യമായിരിക്കും സ്വപ്ന ഭവനം. പ്രതീക്ഷിക്കാതെ വരുന്ന പ്രകൃതി ദുരന്തങ്ങള്‍ പലരുടെയും സ്വപ്നങ്ങളെ ഇല്ലാതാക്കുകയാണ് പതിവ്. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സുരക്ഷ നല്‍കുന്ന ചില ഭവന ഇന്‍ഷുറന്‍സ് പോളിസികള്‍ പരിചയപ്പെടാം.
ഭൂകമ്പം, പ്രളയം, കൊടുങ്കാറ്റ്, മിന്നൽ
കഴിഞ്ഞ രണ്ട് ദശാബ്ദകാലങ്ങളായി ഇന്ത്യയില്‍ നിരവധി പ്രകൃതിദുരന്തങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവയിലെല്ലാം തന്നെ നിരവധി മനുഷ്യ ജീവനുകളും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമാണ് സംഭവിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ദുരന്തങ്ങള്‍ക്ക് ഇരയാകുന്നതില്‍ 15 ശതമാനത്തില്‍ താഴെ മാത്രം ആണ് ഇന്‍ഷൂര്‍ ചെയ്ത കെട്ടിടങ്ങളുടെ എണ്ണം. ഇത്തരം സാഹചര്യത്തില്‍ ഭവന ഇന്‍ഷുറന്‍സുകളും മറ്റ് ഇന്‍ഷുറന്‍സുകളും വഴി ഭീമമായ നഷ്ടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. ഭൂരിഭാഗം ഭവന ഇന്‍ഷുറന്‍സുകളും പ്രകൃതി ദുരന്തങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്. മിക്ക ഭവന ഇന്‍ഷുറന്‍സ് പോളിസികളിലും ഇത് മറ്റൊരു ഓപ്ഷനായി ആയിരിക്കും നല്‍കിയിരിക്കുക. പോളിസി ഉടമകള്‍ക്ക് പോളിസിയിലെ വിവിധ ഉള്ളടക്കങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇത് സഹായിക്കുന്നു.