നഷ്ടപ്പെടുന്ന പച്ചപ്പിനെയും മനുഷ്യൻ ഇല്ലാതാക്കുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്‍റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ്. 1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.
ലോകമെമ്പാടും വ്യത്യസ്ത തോതില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് വായുമലിനീകരണം. അതുകൊണ്ട് തന്നെയാണ് വായു മലിനീകരണം എന്നത് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ പ്രമേയമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 'ബീറ്റ് എയർ പൊല്യൂഷൻ' എന്ന മുദ്രാവാക്യത്തോടെ ഇന്ന് ലോകമെമ്പാടും പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. ചൈനയാണ് 2019 ലെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. പുനരുപയോഗ സാധ്യതയുള്ള പരിസ്ഥിതി സൗഹാര്‍ദ സാങ്കേതികവിദ്യകൾ കണ്ടെത്തി അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാരുകളോടും വ്യവസായ സ്ഥാപനങ്ങളോടും വ്യക്തികളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ഇന്ത്യ അടക്കമുള്ള വികസ്വര- ദരിദ്ര രാജ്യങ്ങളാണ് മലിനീകരണത്തിന്‍റെ പ്രധാന ഇരകള്‍. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളും വന്‍ തോതിലുള്ള വായു മലിനീകരണ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. വ്യവസായ ശാലകള്‍, വാഹനങ്ങള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവയൊക്കെ പുറപ്പെടുവിക്കുന്ന മാരക വിഷാംശമുള്ള വാതകങ്ങള്‍ അന്തരീക്ഷത്തിന്‍റെ രാസഘടനയെ തകിടം മറിക്കുന്നുണ്ട്. അന്തരീക്ഷ താപനില വര്‍ധിക്കുന്നതും ഓക്‌സിജന്‍റെ അളവ് കുറയുന്നതുമടക്കം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടിൽ വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 12.4 ലക്ഷം പേരാണ്. 2017ല്‍ ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണത്തിന്‍റെ ഫലമാണെന്നാണ് ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്. വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷമെങ്കിലും കൂട്ടാനാകുമെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്ന് മറ്റൊരു പഠനം പറയുന്നു. ഗുരുഗ്രാമാണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്.
ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍. ഇന്ത്യയിലെ പ്രധാന നഗരങ്ങളൊക്കെ കടുത്ത വായു മലിനീകരണത്തിന്‍റെ പിടിയിലാണ്. ഡൽഹിയെ 2014ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ലോകാരോഗ്യസംഘടന കണ്ടെത്തിയിരുന്നു. നിത്യേന 80-ഓളം ആളുകളാണ് ഡല്‍ഹിയില്‍ ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍ മൂലം മാത്രം മരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അന്തരീക്ഷ വായുവിന്‍റെ കാര്യത്തില്‍ കേരളം ഭേദപ്പെട്ട നിലയിലാണ്. എന്നാൽ കൊച്ചി, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ വായു മലിനീകരണ തോത് കൂടുതലാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.