സമാധാനം പുലര്‍ത്തുന്നവര്‍ക്ക് വോട്ടെന്ന് മുസഫര്‍ നഗര്‍ കലാപത്തിലെ ഇരകള്‍ - വോട്ട്
കലാപം നടന്ന് ആറ് വര്‍ഷം പിന്നിട്ടിട്ടും കലാപത്തിനിരയായവര്‍ക്ക് വേണ്ടത്ര നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
ഉത്തര്‍പ്രദേശ്: സമാധാനം മുന്‍ നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ വോട്ട് നല്‍കുവെന്ന് മുസഫര്‍ നഗര്‍ കലാപത്തിന്‍റെ ഇരകള്‍. കലാപം നടന്ന് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തങ്ങള്‍ക്ക് തക്കതായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. ആറ് വര്‍ഷമായി കൈരാനയിലുള്ള ക്യാമ്പിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളവും വൈദ്യുതിയും ലഭിക്കാറില്ല. വീടും സ്വന്തക്കാരും എല്ലാം നഷ്ടപ്പെട്ടു. വീടുകള്‍ നിര്‍മ്മിച്ചു തരുന്നവര്‍ക്കും സമാധാനം നിലനിര്‍ത്തുന്നവര്‍ക്കും മാത്രമേ വോട്ട് രേഖപ്പെടുത്തുവെന്ന് ക്യാമ്പിലെ താമസക്കാര്‍ പറയുന്നു. 2013 ല്‍ ഉണ്ടായ കലാപത്തില്‍ 62 പേരാണ് മരിച്ചത്. 93 പേര്‍ക്ക് പരിക്കേല്‍ക്കുകയും അമ്പതിനായിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്തു. പടിഞ്ഞാറാന്‍ ഉത്തര്‍ പ്രദേശിലെ കൈരാന ലോക്സഭാ മണ്ഡലത്തില്‍ നിലവില്‍ തബാസം ഹസ്സനാണ് എംപി. വരുന്ന തെരഞ്ഞെടുപ്പിലും എസ്പി-ബിഎസ്പി സഖ്യത്തിനായി തബാസം ഹസ്സന്‍ തന്നെയാണ് രംഗത്തിറങ്ങുന്നത്. ബിജെപിക്കായി പ്രദീപ് ചൗധരി മത്സരിക്കും. ഏപ്രില്‍ 11 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.