പത്തനംതിട്ട: ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസും ശക്തമായി ഇടപെടണമെന്ന് നിര്‍ദേശം. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. രണ്ട് വര്‍ഷത്തെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ജലസ്രോതസുകളിലെ മാലിന്യ നിക്ഷേപം. ജില്ലയിലെ ജലസ്രോതസുകൾ മലിനമാകുന്നത് സംബന്ധിച്ച് വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഇടിവി ഭാരത് പുറത്ത് വിട്ടിരുന്നു.
ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിർദ്ദേശം
രണ്ട് വര്‍ഷത്തെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ജലസ്രോതസുകളിലെ മാലിന്യ നിക്ഷേപം.
വൃത്തിഹീനമായി കിടക്കുന്ന പിഐപി, കെഎപി കനാലുകള്‍ ശുചീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തിൽ തീരുമാനമായി. കുടിവെളള സ്രോതസുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കും. ഫുഡ് സേഫ്റ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ കുടിവെള്ളം, ഭക്ഷണം എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകള്‍ നടത്തും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കും. ഇതര സംസ്ഥാന തൊഴിലാളികളികള്‍ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, മാലിന്യ നിക്ഷേപം എന്നിവ പരിശോധിക്കുന്നതിനും നടപടിയായി. എംഎൽഎമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.