വാട്ടര്‍ അതോറിറ്റി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍; അധികൃതര്‍ മൗനത്തില്‍ - neyyattinkara
ദേശീയപാതക്ക് സമീപത്ത് നാലിലധികം കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നത്.
നെയ്യാറ്റിന്‍കര: വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തിയിട്ടും അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാതക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ നാലിലധികം കോൺക്രീറ്റ് കെട്ടിടങ്ങളാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നശിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു സ്ഥാപനത്തിന്‍റെ ആരംഭഘട്ടത്തില്‍ പണിത കെട്ടിടങ്ങള്‍ അധികൃതര്‍ ഉപേക്ഷിച്ചത്. കാടുമൂടിയ നിലയില്‍, ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കെട്ടിടങ്ങള്‍. ഈ കെട്ടിടങ്ങളെ ഉപയോഗ യോഗ്യമാക്കി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇങ്ങോട്ടേക്ക് മാറ്റുകയോ ജീവനക്കാരുടെ ക്വാട്ടേഴ്സുകളാക്കി മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി ഫയലുകള്‍ കെട്ടികിടന്ന് നശിക്കുകയാണ്. കെട്ടിടത്തിന്‍റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അധികൃതര്‍ ഇപ്പോഴും മൗനം തുടരുകയാണ്.