തൃശ്ശൂർ:വിപണിയിൽ മൂന്നു കോടി രൂപ വിലമതിപ്പുള്ള ലഹരി മരുന്നുമായി രണ്ടു പേർ അറസ്റ്റിൽ. തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിൻ (25) കണ്ണൂർ ഒളയാർ സ്വദേശി ചിഞ്ചു മാത്യു(26) എന്നിവരാണ് അറസ്റ്റിലായത്.
തൃശ്ശൂരിൽ മൂന്ന് കോടിയുടെ ലഹരി മരുന്ന് വേട്ട
ടെലഗ്രാം ആപ്പ് വഴിയായിരുന്നു പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്
ഹാഷിഷ് ഓയിൽ, എംഡിഎംഎ, ആംഫിറ്റമിൻ തുടങ്ങിയ ലഹരി മരുന്നുകൾ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെയാണ് വിറ്റഴിച്ചിരുന്നത്. മൊബൈൽ ആപ്ലിക്കേഷനായ ടെലഗ്രാം വഴിയായിരുന്നു പ്രതികൾ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. മിഥിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിലേക്ക് ട്രെയിൻ മാർഗവും ലഹരിമരുന്ന് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു.
തുടരന്വേഷണത്തിൽ കൊച്ചി താവളമാക്കി പ്രവർത്തിക്കുന്ന മറ്റൊരു ഏജന്റായ ചിഞ്ചു മാത്യുവിനെയും എക്സൈസ് പിടികൂടി. 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായാണ് ചിഞ്ചു മാത്യുവിനെ എക്സൈസ് പിടികൂടിയത്. അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്കു മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. ആന്ധ്രാപ്രേദേശിൽ നിന്നും കൊറിയർ മാർഗം ആണ് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നതെന്നു പ്രതി എക്സൈസിനോട് സമ്മതിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എം ഫ് സുരേഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർ മാരായ ശിവശങ്കരൻ, വിപിൻ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്, ടി. ആർ സുനിൽ, മനോജ് കുമാർ, ജെയ്സൺ, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.