തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ നിലയില്‍ മാറ്റമില്ല - ഏഴുവയസുകാരൻ
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചു. പ്രതീക്ഷ വേണ്ടെന്ന് ഡോക്ടര്‍മാര്‍
തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വെന്‍റിലേറ്ററിന്‍റെ സഹായം തുടരുന്നുണ്ട്. കുഞ്ഞിന്‍റെ അവസ്ഥ നിരീക്ഷിക്കാനായി വിദഗ്ധ സംഘം ആശുപത്രിയിലുണ്ട്.
നേരത്തെ ചികിത്സ നല്‍കിയ ഇളയ കുട്ടിയുടെ അവസ്ഥ മോശമായി വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച അര്‍ധ രാത്രിയാണ് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്. ഒരാഴ്ചയായിട്ടും ഇളയ കുട്ടിക്കേറ്റ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. ദേഹത്തേറ്റ 11 പരിക്കുകളും അതുപോലെ തന്നെയാണ്. മരുന്ന് നല്‍കിയിട്ടും പരിക്കില്‍ മാറ്റമില്ലാത്തതിനാല്‍ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിക്കും. പ്രാഥമിക ചികിത്സ ലഭിച്ച് ആശുപത്രി വിട്ട കുഞ്ഞിപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
റിമാന്‍ഡിലായ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മുട്ടം ജില്ല ജയിലിലാണ് ഇയാള്‍. രണ്ടു കുഞ്ഞുങ്ങളെ ആക്രമിച്ചതിനെ കുറിച്ചും കുഞ്ഞുങ്ങളുടെ അച്ഛന്‍ ബിജുവിന്‍റെ മരണത്തെ കുറിച്ചും ചോദ്യം ചെയ്യും.