കൊല്ലം: ഉപയോഗശൂന്യമായ തുണികളിൽ നിന്നും മനോഹരമായ സഞ്ചികൾ നിർമിച്ച് മാതൃകയാവുകയാണ് സജീവ്. പ്രകൃതിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക്കുകളെ ഒഴിവാക്കി തുണി സഞ്ചികളുപയോഗിക്കാൻ താത്പര്യമുള്ളവർക്ക് സൗജന്യമായാണ് സജീവ് സഞ്ചികൾ നിർമിച്ച് നൽകുന്നത്. ചവറ കുറ്റിവട്ടത്ത് കമ്പിക്കീഴിൽ അദിനാൻ ടൈലേഴ്‌സ് നടത്തി വരുന്ന സജീവാണ് പ്ലാസ്റ്റിക്കിനോട് ഗുഡ്ബൈ പറഞ്ഞുകൊണ്ട് തുണിസഞ്ചികൾ നിർമിക്കുന്നത്. കടയിൽ സ്ഥിരമായി എത്തുന്ന സുഹൃത്തായ നിയാസ് ഇക്കുട്ടി പങ്കുവച്ച ആശയം കലാകാരൻ കൂടിയായ സജീവ് പരീക്ഷിക്കുകയായിരുന്നു. കടയിലിരുന്ന പഴയ ജീൻസ് പാന്‍റ് വെട്ടിയെടുത്ത് തുണി സഞ്ചി തയ്യാറാക്കി നിയാസിന് നൽകുകയും അത് നവമാധ്യമങ്ങളിലൂടെ പങ്കുവക്കുകയും ചെയ്‌തു. ഇതറിഞ്ഞ് മറ്റുള്ളവര്‍ പഴയ തുണികളുമായി സജീവിനെ സമീപിക്കുകയായിരുന്നു.
തുണിയുമായി കടയിലെത്തുന്നവർക്ക് സഞ്ചിയുമായി തിരിച്ചു പോകാം
ചവറ കുറ്റിവട്ടത്ത് കമ്പിക്കീഴിൽ അദിനാൻ ടൈലേഴ്‌സ് നടത്തി വരുന്ന സജീവാണ് പ്ലാസ്റ്റിക്കിനോട് ഗുഡ്ബൈ പറഞ്ഞുകൊണ്ട് തുണിസഞ്ചികൾ നിർമിക്കുന്നത്
തന്‍റെ ഉപജീവന മാർഗത്തിന് അൽപം വിശ്രമം നൽകികൊണ്ട് ഉപയോഗശൂന്യമായ തുണികളുമായെത്തുന്നവർക്ക് പൂക്കളും മറ്റ് രൂപങ്ങളും തുന്നിച്ചേർത്ത് മനോഹരമായ സഞ്ചികൾ അദ്ദേഹം നിർമിച്ച് നൽകുന്നു. ഇതോടെ, വീടുകളിൽ നിന്നും സാധനങ്ങൾ വാങ്ങാനായി പോകുന്നവർ പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കി തുണി സഞ്ചികളിലേക്ക് തിരിയുകയും ചെയ്‌തു. കട്ടിയുള്ള ജീൻസുകൾ ഉപയോഗിച്ചാൽ ഇത്തരം തുണിസഞ്ചികൾ വീട്ടാവശ്യങ്ങൾക്കും മറ്റുമായി കാലങ്ങളോളം ഉപയോഗിക്കാമെന്ന് സജീവ് അഭിപ്രായപ്പെടുന്നു. തയ്യൽക്കാരനെന്നതിന് പുറമെ നിരവധി ഹ്രസ്വചിത്രങ്ങളും സജീവ് ചെയ്‌തിട്ടുണ്ട്.