കേരളം

kerala

വ്യാജരേഖ കേസ്;  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

By

Published : Jun 7, 2019, 9:22 AM IST

Updated : Jun 7, 2019, 11:42 AM IST

പ്രതികളുടെ ചോദ്യം ചെയ്യൽ കോടതി നിർദ്ദേശപ്രകാരം പൂർത്തിയാക്കിയതായി പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകും

court

കൊച്ചി: കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒപ്പം ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ട്, നാലാം പ്രതി ടോണി കല്ലൂക്കാരൻ എന്നിവരുടെ ചോദ്യം ചെയ്യൽ കോടതി നിർദ്ദേശപ്രകാരം പൂർത്തിയാക്കിയതായും പൊലീസ് റിപ്പോർട്ട് നൽകും. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, അറസ്റ്റ് തടയുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കർശന ഉപാധികളോടെയാണ് പൊലീസിന് വൈദികരെ ചോദ്യം ചെയ്യാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി അനുമതി നൽകിയത്. ഇതേ തുടർന്നാണ് പ്രതികളായ വൈദികരെ ആലുവ ഡി വൈ എസ് പി ഓഫീസിലും കൊച്ചി റെയ്ഞ്ച് സൈബർ പൊലീസ് സ്റ്റേഷനിലും തുടർച്ചയായ ചോദ്യം ചെയ്യലിനാണ് വിധേയമാക്കിയത്.

വൈദികരുടെ ലാപ്ടോപ്, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. വ്യാജരേഖ കേസിലെ മൂന്നാം പ്രതി ആദിത്യൻ ഒന്നാം പ്രതി പോൾ തേലക്കാട്ടിന് രേഖകൾ ഇ മെയില്‍ വഴി അയച്ചുകൊടുക്കുകയും നന്ദി അറിയിച്ച് വൈദികൻ മറുപടി അയച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ വൈദികരുടെ അറിവോടെ ആദിത്യൻ വ്യാജരേഖ നിർമ്മിച്ചു നൽകി എന്നു സ്ഥാപിക്കാനാവും പൊലീസ് ശ്രമിക്കുക. അതേ സമയം തന്നെ പൊലീസ് ക്രൂരമായി മർദിച്ച് വൈദികരുടെ പേര് പറയിക്കുകയായിരുന്നുവെന്ന് ആദിത്യൻ മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയും സെഷൻസ് കോടതി പരിശോധിച്ചിരുന്നു.

Last Updated : Jun 7, 2019, 11:42 AM IST

ABOUT THE AUTHOR

...view details