പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ വിജയശതമാനത്തോടെ ഒന്നാമതെത്തിയ പത്തനംതിട്ട ജില്ല നേടിയത് ആരേയും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയം തകര്‍ത്തെറിഞ്ഞിട്ടും ജില്ല അതിജീവനത്തിന്‍റെ മാതൃക പരീക്ഷ പേപ്പറില്‍ കുറിക്കുകയായിരുന്നു.
എസ്എസ്എല്‍സി ഫലം; പത്തനംതിട്ടക്ക് അതിജീവനത്തിനുള്ള അംഗീകാരം
പ്രളയം തകര്‍ത്തെറിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ പത്തനംതിട്ടയിലെ വിദ്യാര്‍ഥികളും അധ്യാപകരും മുന്നേറി ചരിത്രം സൃഷ്ടിച്ചു
കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനത്ത് നിന്നും ഒന്നിലേക്കൊരു കുതിച്ചുചാട്ടം. അതും നിനച്ചിരിക്കാതെ സര്‍വവും നഷ്ടപ്പെട്ടിട്ടും 99.33 ശതമാനത്തിന്‍റെ നേട്ടം. 10852 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ജില്ലയില്‍ 72 പേര്‍ക്ക് മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനാകാതെ പോയത്. പ്രളയത്തില്‍ നിന്നും വൈകി കരകയറിയ അപ്പര്‍ കുട്ടനാട് മേഖലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ യോഗ്യത നേടാന്‍ കഴിയാതെ പോയത് 25 പേര്‍ക്ക് മാത്രം. 168 സ്കൂളുകളില്‍ 130 സ്കൂളുകള്‍ക്ക് നൂറുമേനി തിളക്കം. 2016, 2017 വര്‍ഷങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ജില്ലക്ക് കഴിഞ്ഞ വര്‍ഷം രണ്ടാമത് എത്താനേ കഴിഞ്ഞിരുന്നുള്ളൂ. പട്ടികയില്‍ ഒന്നാമതെത്താനുള്ള ഒരുക്കത്തിനിടെയാണ് പ്രളയം ജില്ലയെ ദുരിതത്തിലാക്കിയത്.
പ്രതീക്ഷകള്‍ തെറ്റിച്ചെത്തിയ പ്രളയം മൂന്നാഴ്ചയിലധികം അധ്യയനം മുടക്കി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. നിമിഷ നേരം കൊണ്ട് ചീറിയടുത്ത വെള്ളത്തില്‍ നിന്നും പാഠപുസ്തകങ്ങളോ പഠനോപകരണങ്ങളോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാറിയുടുക്കാന്‍ തുണിപോലുമില്ലാതെ ക്ലാസ് മുറികളില്‍ അന്തിയുറങ്ങേണ്ട ഗതികേടിലായിരുന്നു വിദ്യാര്‍ഥികള്‍. ഉറ്റവരേയും ഒരായുസിന്‍റെ സമ്പത്തും നഷ്ടപ്പെട്ട് വന്നവര്‍ക്ക് ക്ലാസ് മുറികള്‍ ആശ്വാസ കേന്ദ്രങ്ങളായി മാറി. ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ മറ്റിടങ്ങളില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോഴും പത്തനംതിട്ടയില്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. വലിയൊരു ദുരന്തത്തിന് സാക്ഷി ആകേണ്ടി വന്ന കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുകയെന്ന ആദ്യ കടമ്പ അധ്യാപകര്‍ നിസാരമായി കടന്നതും വിജയത്തില്‍ നിര്‍ണായകമായി. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരം പുതിയ പുസ്തകങ്ങള്‍ സെപ്തംബര്‍ ആദ്യവാരം തന്നെ കുട്ടികള്‍ക്ക് ലഭിച്ചു. എസ്എസ്എല്‍സി മുന്നില്‍ കണ്ട് പ്രത്യേക ക്ലാസുകള്‍ ഏര്‍പ്പെടുത്തിയും കൂടുതല്‍ ശ്രദ്ധ വേണ്ട കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയും അധ്യാപകരും രക്ഷകര്‍തൃസമിതികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതും ഗുണം ചെയ്തു. അവധിക്കാല ക്യാമ്പുകളും ഇത്തവണ ഒരുക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായ നോട്ടുകള്‍ എഴുതി നല്‍കാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി കൂട്ടായ്മകള്‍ രംഗത്തെത്തിയതും കേരളത്തിന് പുതുമയായി. സാമൂഹിക-സാംസ്കാരിക സംഘടനകള്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പും കൈകോര്‍ത്തതോടെ പത്തനംതിട്ടയുടെ ഈ നേട്ടം അതിജീവനത്തിന്‍റെ നേര്‍സാക്ഷ്യമായി.