ലെഗന്‍സ്: സ്‌പാനിഷ് ലാലിഗയില്‍ സെവില്ല വീണ്ടും വിജയ വഴിയില്‍. ലെഗന്‍സിനെതിരായ മത്സരത്തില്‍ സെവില്ല ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കി. സെവില്ലക്ക് വേണ്ടി ഒലിവര്‍ ടോറസ് ഇരട്ട ഗോളടിച്ചു. ആദ്യ പകുതിയിലെ 23-ാം മിനിട്ടിലും 35-ാം മിനിട്ടിലുമായിരുന്നു ഗോളുകള്‍. രണ്ടാം പകുതിയിലെ 71-ാം മിനിട്ടില്‍ ടോറസിന് പകരം മുനീര്‍ എല്‍ ഹദ്ദാദി കളത്തിലിറങ്ങി. ആ നീക്കം ഫലം കണ്ടു. 82-ാം മിനിട്ടില്‍ ഹദ്ദാദി മൂന്നാം ഗോൾ നേടി.
തകര്‍പ്പന്‍ ജയവുമായി സെവില്ല വീണ്ടും വിജയ വഴിയില്‍ - സെവില്ല വാര്‍ത്ത
ഇരട്ട ഗോളടിച്ച ഒലിവര്‍ ടോറസും പകരക്കാരനായി ഇറങ്ങി വല ചലിപ്പിച്ച മുനീര്‍ എല്‍ ഹദ്ദാദിയുമാണ് സെവില്ലയുടെ വിജയ ശില്‍പ്പികള്‍. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ സമനില വഴങ്ങിയ ശേഷമാണ് സെവില്ല വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.
ലീഗിലെ നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില വഴങ്ങിയ ശേഷമാണ് സെവില്ലയുടെ വിജയം. വല്ലാഡോളിഡ്, വില്ലാറയല്‍, ബാഴ്‌സലോണ, ലെവാന്‍റെ എന്നീ ടീമുകള്‍ക്കെതിരെയാണ് സമനില വഴങ്ങിയത്. സമനിലകളുടെ ആധിക്യം കാരണം പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥനത്തുണ്ടായിരുന്ന സെവില്ല നാലാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. നിലവില്‍ 33 മത്സരങ്ങളില്‍ നിന്നും 57 പോയിന്‍റാണ് സെവില്ലക്കുള്ളത്. ജൂണ്‍ ഏഴിന് ഐബറിന് എതിരെയാണ് സെവില്ലയുടെ അടുത്ത മത്സരം.
അതേസമയം 33 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റ് മാത്രമുള്ള ലെഗന്‍സ് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. 19-ാം സ്ഥാനത്തുള്ള ലെഗന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍ അവസാന സ്ഥാനക്കാരായ എസ്‌പാനിയോളിനെ നേരിടും. ഇരു ടീമുകള്‍ക്കും ഇനി അഞ്ച് മത്സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്.