ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തിൽ അഞ്ച് മീറ്ററോളം തീരം കടലെടുത്തു. അമ്പലപ്പുഴ താലൂക്കിൽ നീർക്കുന്നം, കരൂർ, പുറക്കാട്, പുന്നപ്ര ഭാഗങ്ങളിലും കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലുമാണ് കടൽ കൂടുതൽ പ്രക്ഷുബ്ധമായിട്ടുള്ളത്. ചേർത്തല, തൈക്കൽ, മാരാരിക്കുളം തുടങ്ങിയ കടപ്പുറങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ആലപ്പുഴയില്‍ ശക്തമായ കടൽക്ഷോഭം : നിരവധി വീടുകള്‍ക്ക് നാശനഷ്ടം
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തിൽ അഞ്ച് മീറ്ററോളം തീരം കടലെടുത്തു.
വെള്ളം കയറിയതിനെ തുടർന്ന് പ്രദേശത്തെ നൂറിലധികം വീടുകളാണ് വാസയോഗ്യമല്ലാതായത്. മേഖലയിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് മുൻ എംപി കെസി വേണുഗോപാലും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍ ഉറപ്പു നൽകിയിരുന്നെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് നിർമാണം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തീരദേശ മേഖലയോട് തികഞ്ഞ അവഗണനയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുലർത്തുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയെന്ന് ആരോപിച്ച് അമ്പലപ്പുഴയിൽ രോഷാകുലരായ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു.