ന്യൂഡല്‍ഹി: വിദേശ പരിശീലകരുമായുള്ള കരാര്‍ 2021 വരെ നീട്ടി സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ. കൊവിഡ് 19 പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് 2021 ജൂലായ് 23ലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് സായിയുടെ തീരുമാനം. വിദേശ പരിശീലകരുമായുള്ള കരാര്‍ 2021 സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഭൂരിഭാഗം വിദേശ പരിശീലകരുടെയും കരാര്‍ ഈ വര്‍ഷം ഓഗസ്റ്റ് 31ഓടെ അവസാനിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സായി നിര്‍ണായക തീരുമാനം എടുത്തത്.
സായി വിദേശ പരിശീലകരുടെ കരാര്‍ 2021 വരെ നീട്ടി - sai news
ടോക്കിയോ ഒളിമ്പിക്‌സ് 2021 ജൂലായ് 23 ലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് വിദേശ പരിശീലകരുമായുള്ള കരാര്‍ സ്പോര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ 2021 സെപ്റ്റംബര്‍ 30 വരെ നീട്ടിയത്.
നാല് വര്‍ഷ കാലയളവിലേക്കാകും ഇനി മുതല്‍ പരിശീലകരെ നിയമിക്കുക. വര്‍ഷം തോറും പരിശീലകരുടെ പ്രകടനം ദേശീയ സ്പോര്‍ട്‌സ് ഫെഡറേഷനുകള്‍ അവലോകനം ചെയ്യും. അന്താരാഷ്ട്ര മത്സരങ്ങളിലെ അത്‌ലറ്റുകളുടെ പ്രകടനവും ചേര്‍ത്തുവെച്ചാകും അവലോകനം.
ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കുന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 2024, 2028 ഒളിമ്പിക് ഗെയിംസുകളാണ് ലക്ഷ്യമിടുന്നത്. അത്‌ലറ്റുകള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സായിയുടെ തീരുമാനത്തെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരേന്ദ്ര ബത്രയും സ്വാഗതം ചെയ്‌തു.