ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ബിജെപിക്കെതിരെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഓഫീസിൽ പരാതി നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎമാരെ ബിജെപി വിലക്കെടുക്കുമെന്ന സൂചനയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ എംഎൽഎ കച്ചവടം; എസ്ഒജിയിൽ പരാതി നൽകി ഗെലോട്ട് സർക്കാർ - എസ്‌ഒജി അന്വേഷണം
എംഎൽഎ കച്ചവടവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ എസ്‌ഒജി പ്രത്യേക സെൽ രൂപീകരിച്ചതായി റിപ്പോർട്ട്
പരാതിയെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്‌ഒജി വൃത്തങ്ങൾ അറിയിച്ചു. എംഎൽഎ കച്ചവടവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ എസ്‌ഒജി പ്രത്യേക സെൽ രൂപീകരിച്ചതായും റിപ്പോർട്ടുണ്ട്. ഭരണകക്ഷിയിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തുകൊണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങളെ ബന്ധപ്പെട്ട ഫോൺ നമ്പറുകൾ ഉൾപ്പെടെ പരാതി കത്തിൽ നൽകിയിട്ടുണ്ട്. എല്ലാ നമ്പറുകളും എസ്‌ഒജി നിരീക്ഷണത്തിലാണ്.
പാർട്ടി എംഎൽഎമാരെ വിലക്കെടുത്ത് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാരോപിച്ച് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കും എസ്‌ഒജിയ്ക്കും ചീഫ് വിപ്പ് മഹേഷ് ജോഷി നേരത്തെ കത്ത് സമർപ്പിച്ചിരുന്നു. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ 107 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് കോൺഗ്രസിനുള്ളത്. 13 സ്വതന്ത്ര എംഎൽഎമാരിൽ 12 പേരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ബിജെപിയിൽ 72 എംഎൽഎമാരാണ് നിലവിലുള്ളത്. മൂന്ന് രാഷ്ട്രീയ ലോകതാന്ത്രിക് എംഎൽഎമാരുടെ പിന്തുണ ബിജെപിക്കാണ്. നിലവിൽ രണ്ട് സ്ഥാനാർഥികളുടെയും വിജയത്തിനാവശ്യമായ ഭൂരിപക്ഷം കോൺഗ്രസിനുണ്ട്.