ആലപ്പുഴ: മാവേലിക്കരയിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്. അജാസിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക.
അജാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും
പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം അജാസിന്‍റെ പോസ്റ്റ്‌മോർട്ടം നടക്കും.
സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതി അജാസിനും ഗുരുതരമായി പൊള്ളലേറ്റത്. ശരീരത്തിന്‍റെ 40 ശതമാനത്തിലേറെ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇയാളുടെ ഹൃദയമിടിപ്പ് കുറഞ്ഞ് തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് ആറോടെ മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവയിൽ ട്രാഫിക്ക് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന അജാസിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് സസ്‌പെന്‍റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.