നരേന്ദ്ര മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം വെള്ളിയാഴ്ച - india
അധികാരത്തിലേറി അഞ്ച് വര്‍ഷത്തിനിടെയുള്ള നരേന്ദ്ര മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷമായിരിക്കും നടക്കുക.
ന്യൂഡല്‍ഹി:അധികാരത്തിലേറി അഞ്ച് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം മറ്റെന്നാള്‍ നടക്കും. രാവിലെ 11.30ന് വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷമായിരിക്കും മോദി മാധ്യമങ്ങളെ കാണുക. വാരണാസിയിലെ സ്വകാര്യ ഹോട്ടലില്‍ ഉച്ചയ്ക്ക് 12.30നാണ് വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പ്രസ്താവന നടത്തുകയാണോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കികൊണ്ടുള്ള തുറന്ന വാര്‍ത്താസമ്മേളനമാണോ ക്രമീകരിച്ചിരിക്കുന്നതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 25 ന് വാരണാസിയിലെത്തുന്ന മോദി മണ്ഡലത്തില്‍ രണ്ട് റോഡ് ഷോ ഉള്‍പ്പെടെ രണ്ട് ദിവസത്തെ പരിപാടികളില്‍ പങ്കെടുക്കും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടാന്‍ മോദി തയ്യാറായിരുന്നില്ല. പ്രതിപക്ഷം പ്രധാനമന്ത്രിയേയും ബിജെപിയേയും കടന്നാക്രമിച്ച അവസരങ്ങളില്‍ പോലും മാധ്യമപ്രവര്‍ത്തകരെ നേരില്‍കാണാന്‍ മോദി ശ്രമിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മൗനിബാബയെന്ന് വിളിച്ച മോദി മാധ്യമങ്ങളോട് സംസാരിക്കാത്തതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.വാര്‍ത്താ സമ്മേളനം നടത്താനും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചിരുന്നു. 2014ല്‍ അധികാരത്തിലേറിയതിന് ശേഷം മോദി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും സോണിയ പരിഹസിച്ചിരുന്നു. കാവല്‍ക്കാരന്‍ എപ്പോഴെങ്കിലും വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ടോയെന്നും അദ്ദേഹം കള്ളന്‍ മാത്രമല്ല ഭീരുവുമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. മെയ് 19ന് അവസാനഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്