ഫാനി കൊടുങ്കാറ്റ് : പ്രതിരോധിക്കാൻ ഉന്നതതലയോഗം
കൊടുങ്കാറ്റിന്‍റെ സഞ്ചാരപഥത്തെ കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ വിശദീകരിച്ചു.
ന്യൂഡല്‍ഹി: ഫാനി കൊടുങ്കാറ്റിനെതിരെയുള്ള തയാറെടുപ്പുകള്‍ വീക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കൊടുങ്കാറ്റിന്‍റെ സഞ്ചാരപഥത്തെ കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചും പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. അവശ്യവസ്തുക്കളുടെ സംഭരണം, ദേശീയ ദുരന്തനിവാരണ സേനയുടെയും സായുധസേനയുടെയും വിന്യാസം, ശുദ്ധജലവിതരണത്തിനുള്ള സജ്ജീകരണങ്ങള്‍, ടെലികോം സേവനങ്ങളുടെയും വൈദ്യുത വിതരണപ്രവര്‍ത്തനങ്ങളുടെയും പുനഃസ്ഥാപനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. അടിയന്തര സാഹചര്യം വിശകലനം ചെയ്ത പ്രധാനമന്ത്രി, ദുരന്തബാധിത സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധം സ്ഥാപിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.