പത്തനംതിട്ട: കെഎം മാണി ചോരയും നീരും നൽകി വളർത്തിയ കേരളാ കോൺഗ്രസിന്‍റെ പാരമ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറല്ലെന്ന് പിജെ ജോസഫ്. ആൾമാറാട്ടം നടത്തിയാണ് ജോസ് കെ മാണി ജനറൽ ബോഡി വിളിച്ച് ചേർത്തതെന്നും പിജെ ജോസഫ് പത്തനംതിട്ടയിൽ പറഞ്ഞു. കേരളാ കോൺഗ്രസിന്‍റെ ഭരണഘടന അനുസരിച്ച് ചെയർമാന്‍റെ അസാന്നിധ്യത്തിൽ വർക്കിംഗ് ചെയർമാനാണ് പകരം ചുമതല. കേരളാ കോൺഗ്രസിന്‍റെ 25 ജനറൽ സെക്രട്ടറിമാരിൽ, ഒരാൾ ഇല്ലാത്ത അധികാരമുപയോഗിച്ച് ആൾമാറാട്ടം നടത്തി വിളിച്ചു ചേർത്ത ഒരു ആൾക്കൂട്ടം മാത്രമാണ് കോട്ടയത്ത് നടന്ന പൊതുയോഗം. അധികാരമില്ലാത്ത ഒരാൾ വിളിച്ചു ചേർത്ത യോഗം കോടതി, വെന്‍റിലേറ്ററിൽ വച്ചിരിക്കുന്നത് പോലെ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും പിജെ ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസിന്‍റെ പാരമ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറല്ലെന്ന് പിജെ ജോസഫ്
പാർട്ടിയിൽ 60 ശതമാനത്തിൽ അധികം ആളുകൾക്കും സമവായത്തോടാണ് താൽപ്പര്യം എന്നും എന്നാൽ ജോസ് കെ മാണി സമവായ സാധ്യതകൾ ഇല്ലാതാക്കുകയുമാണെന്നും പിജെ ജോസഫ് കുറ്റപ്പെടുത്തി
പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയും പിന്നീട് സംസ്ഥാന കമ്മറ്റിയുടെ അനുവാദം വാങ്ങുകയും ചെയ്യുന്നതാണ് കെഎം മാണിയുടെ കാലം മുതൽക്കേ കേരളാ കോൺഗ്രസ് പിൻതുടരുന്ന കീഴ്വഴക്കം. പാർട്ടിയിൽ 60 ശതമാനത്തിൽ അധികം ആളുകൾക്കും സമവായത്തോടാണ് താൽപ്പര്യം എന്നും എന്നാൽ ജോസ് കെ മാണി സമവായ സാധ്യതകൾ ഇല്ലാതാക്കുകയുമാണെന്നും പിജെ ജോസഫ് കുറ്റപ്പെടുത്തി. 1984 ൽ താൻ പാർട്ടി ചെയർമാനും കെ എം മാണി പാർലമെന്‍ററി പാർട്ടി നേതാവും ആയി ഇരുന്നിട്ടുള്ളത് ജോസ് കെ മാണിക്ക് ഓർമ്മയില്ലെന്ന് അഭിപ്രായപ്പെട്ട പിജെ ജോസഫ് കേരളാ കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് പേരും തനിക്കൊപ്പമാണെന്നും പറഞ്ഞു.