വിവി പാറ്റില്‍ പെരുത്തക്കേട് കണ്ടെത്തിയാല്‍ മുഴുവനും എണ്ണണമെന്ന് പ്രതിപക്ഷം
22 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചേർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പത്രിക സമർപ്പിച്ചു
ന്യൂഡൽഹി: വോട്ടെണ്ണൽ സമയത്ത് അഞ്ചിലൊരു സാമ്പിളിലെങ്കിലും ഏതെങ്കിലും തരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ ആ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളുടെയും കണക്കെടുക്കണം എന്നാവശ്യവുമായി 22 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചേർന്ന് ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പത്രിക സമർപ്പിച്ചു. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മുമ്പ് തന്നെ വോട്ടിങ്ങ് മെഷീൻ-വിവിപാറ്റ് ടാലി നടത്തണമെന്നും നേതാക്കൾ പത്രികയിൽ ആവശ്യപ്പെട്ടു.
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, ഗുലാം നബി ആസാദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എന്നിവർ ചേർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ പത്രിക സമർപ്പിച്ചത്.
മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ തങ്ങളുടെ ആവശ്യം ശരിവെച്ചെതായും തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ ഇത് അനിവാര്യമാണെന്ന് മുൻ പ്രസിഡന്റ് പ്രണബ് മുഖർജിയുൾപ്പടെയുള്ളവർ അറിയിച്ചതായും ചന്ദ്ര ബാബു നായിഡു കമ്മിഷനുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ ആവശ്യമായി ഒരുപാട് തവണ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. സുപ്രീം കോടതിയുടെ മുമ്പാകെയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഞങ്ങളുടെ ആവശ്യം അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായില്ലെന്നും നായിഡു കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളായ അഭിഷേക് മനു സിങ്വി, സതിഷ് ചന്ദ്ര മിഷ്ര, റാം ഗോപാൽ യാദവ്, മനോജ് ജാ, സീതാറാം യെച്ചൂരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.