വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസ്ലീം ലീഗ് വൈറസെന്ന് യോഗി ആദിത്യനാഥ് - വൈറസ് ബാധ
കോണ്‍ഗ്രസിന് വൈറസ് ബാധയെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഇന്ത്യ മുഴുവന്‍ വൈറസ് ബാധിക്കുമെന്നും യോഗി ആദിത്യനാഥ്
മുസ്ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. അമേഠിയില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കണ്ട് മുസ്ലീംലീഗിന്‍റെ കൊടി പാകിസ്ഥാന്‍ പതാകയാണെന്ന തരത്തില്‍ നേരത്തെ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകപ്രചാരണം നടന്നിരുന്നു.