ദുബായ്:ഐപിഎല്‍ 13ാം സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ലീഗ് തലത്തില്‍ 14 മത്സരങ്ങളില്‍ ഒമ്പതും ജയിച്ച നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ പോയിന്‍റ് പട്ടികയില്‍ ഒന്നാമതായാണ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയത്. അഞ്ചാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് അവര്‍ ദുബായിലെ കലാശപ്പോരിന് ടിക്കറ്റ് സ്വന്തമാക്കിയത്. ആ വിജയ വഴിയിലേക്കുള്ളൊരു തിരിഞ്ഞ് നോട്ടമാണിവിടെ.
കഴിഞ്ഞ സീസണെ അപക്ഷിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ഇത്തവണ മുംബൈക്ക് സാധിച്ചു. ഉദ്‌ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് മുമ്പില്‍ കാലിടറിയെങ്കിലും പിന്നിടങ്ങോട്ട് മുംബൈ വിജയ വഴിയിലായിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 49 റണ്‍സിന്‍റെ ജയം സ്വന്തമാക്കാന്‍ കൊല്‍ക്കത്തക്കായി. പിന്നാലെ വിരാട് കോലി നയിച്ച ആര്‍സിബിയോട് സൂപ്പര്‍ ഓവറില്‍ മുംബൈക്ക് തോല്‍വി വഴങ്ങേണ്ടി വന്നു.
ആ തിരിച്ചടി മുംബൈയെ ഉലച്ചില്ല. തൊട്ടടുത്ത മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ വലിയ മാര്‍ജിനില്‍ 48 റണ്‍സിന്‍റെ ജയം സ്വന്തമാക്കാന്‍ മുംബൈക്കായി. തോല്‍വികളില്‍ നിന്നും വളരെ വേഗത്തില്‍ വിജയ വഴിയിലേക്ക് തിരിച്ച് വരാനുള്ള കഴിവാണ് മുംബൈയുടെ കരുത്ത്. ഇതാണ് അവരെ മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്തരാക്കുന്നതും. കഴിഞ്ഞ മത്സരത്തെ കുറിച്ച് ആലോചിക്കാതെ ടീമിന്‍റെ കഴിവിന്‍റെ പരമാവധി അടുത്ത മത്സരത്തില്‍ പുറത്തെടുക്കാനാണ് മുംബൈ ഓരോ തവണയും ശ്രമിക്കുന്നത്. പഞ്ചാബിന് എതിരായ മത്സരത്തിന് ശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ജയം സ്വന്തമാക്കാന്‍ മുംബൈക്ക് സാധിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളെ പരാജയപ്പെടുത്താന്‍ സാധിച്ചു.
ഐപിഎല്‍ സീസണ്‍ പകുതിയോടടുക്കുമ്പോള്‍ അടുത്ത തിരിച്ചടി മുംബൈയെ തേടിയെത്തി. പഞ്ചാബിന് എതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അവര്‍ വീണ്ടും പരാജയപ്പെട്ടു. മുംബൈയുടെ രണ്ടാമത്തെ സൂപ്പര്‍ ഓവര്‍ പരാജയമായിരുന്നു അത്. എന്നാല്‍ ആ പരാജയത്തെ മറികടക്കാനും അവര്‍ക്ക് സാധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി കൊണ്ടായിരുന്നു ആ തിരിച്ച് വരവ്. 46 പന്ത് ശേഷിക്കെയായിരുന്നു മുംബൈ വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. തുടര്‍ന്ന് പ്ലേ ഓഫിലേക്ക് അനായാസം നടന്നു കയറുകയായിരുന്നു നിലവിലെ ചാമ്പ്യന്‍മാര്‍.
പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി ഗ്രൂപ്പ് സ്റ്റേജ് പൂര്‍ത്തിയാക്കിയ മുംബൈ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അനായാസ ജയമാണ് മുംബൈ സ്വന്തമാക്കിയത്. 57 റണ്‍സിനാണ് ഡല്‍ഹിയെ മുംബൈ പരാജയപ്പെടുത്തിയത്. ഇതോടെ സീസണില്‍ ആദ്യമായി ഫൈനല്‍ യോഗ്യത നേടിയ ടീമായി രോഹിത് ശര്‍മ നയിക്കുന്ന മുംബൈ മാറി.