ന്യൂഡല്‍ഹി: എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ വെച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. പുതിയ ഇന്ത്യയുടെ തുടക്കമാണ് ഉണ്ടായിരിക്കുന്നതെന്നും ഒരു പുതിയ ഊര്‍ജ്ജവുമായി തുടങ്ങണമെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം എല്ലാവര്‍ക്കും മോദി നന്ദി അറിയിക്കുകയും ചെയ്തു. നേതാവായി തന്നെ തെരഞ്ഞെടുത്തതില്‍ എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു.
ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുതിയ ഊര്‍ജ്ജമായി ഒരു പുതിയ ഇന്ത്യ എന്ന തീരുമാനം ഇവിടെ വെച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്‍റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷ ജനതയുടെ വിശ്വാസം ആർജ്ജിക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി, ആ ഭയത്തിൽ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം. ജനപ്രതിനിധികൾക്ക് പക്ഷപാതം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തുമെന്നും മോദി പറഞ്ഞു.