തിരുവനന്തപുരം: കേരളത്തിലെ വര്‍ധിച്ചു വരുന്ന വന്യ ജീവി ആക്രമണങ്ങളെ കുറിച്ച് നിയമസഭയില്‍ തുടര്‍ച്ചയായി രണ്ടാം തവണ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിലൂടെ ശ്രദ്ധേയനാകുകയാണ് പേരാവൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സണ്ണി ജോസഫ്. നിയമസഭയുടെ ബജറ്റ് സമ്മേളനം പുനരാംരംഭിച്ച ആദ്യ ദിവസം തന്നെ മനുഷ്യ, വന്യ ജീവി സംഘര്‍ഷങ്ങളില്‍ മനുഷ്യ ജീവനും ജീവനോപാധികളും നഷ്‌ടമാകുന്ന അതീവ ഗൗരവതരമായ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നത് രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതു രണ്ടാം തവണയാണ്. തന്‍റെ മണ്ഡലമായ പേരാവൂരില്‍ മാത്രമല്ല, കേരളത്തില്‍ വര്‍ധിച്ചു വരുന്ന കാട്ടുപന്നി ശല്യം, കുരങ്ങ് ശല്യം ഇവയെല്ലാം സണ്ണി ജോസഫ് അടിയന്തര പ്രമേയ പ്രസംഗത്തില്‍ വിഷയമാക്കിയതും ശ്രദ്ധേയമാണ്.
വന്യ ജീവി ആക്രമണം തുടര്‍ക്കഥ; രണ്ടാം തവണയും അടിയന്തര പ്രമേയത്തിന് അനുമതി തേടി സണ്ണി ജോസഫ്
തുടര്‍ച്ചയായ വന്യ ജീവി ആക്രമണത്തില്‍ ആളുകളുടെ ജീവനും ജീവനോപാധികളും നഷ്‌ടമാകുന്ന വിഷയം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്
ഇനിയൊരു മരണം തടയുന്നതിനുള്ള നടപടി വനം വകുപ്പിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണെങ്കിലും വനം മന്ത്രി ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന ആരോപണവും സണ്ണി ജോസഫ് ഉന്നയിക്കുന്നു. കേരളം ഉള്ളിടത്തോളം കാലം ഈ പ്രശ്‌നം സജീവമായി നിലനില്‍ക്കുമെങ്കിലും ഇതിന് ശാശ്വത പരിഹാരം തേടിയുള്ള ഒരു പൊതു ചര്‍ച്ചയ്ക്ക് വഴി തുറക്കുകയാണ് താന്‍ ഈ ഉദ്യമത്തിലൂടെ ശ്രമിക്കുന്നതെന്ന് സണ്ണി ജോസഫ് ഇടിവി ഭാരതിനോടു പറഞ്ഞു. കേരളത്തിലെ വനം വകുപ്പിന്‍റെ കടുത്ത അനാസ്ഥയാണ് ഇപ്പോള്‍ നിവരവധി മനുഷ്യ ജീവനുകള്‍ നഷ്‌ടമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും സണ്ണി ജോസഫ് ആരോപിക്കുന്നു.