കോഴ ആവശ്യപ്പെട്ടെന്നുവെന്ന് ടിവി 9 ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ റിപ്പോര്‍ട്ട് വ്യാജമാണെന്ന് എം.കെ രാഘവന്‍. കോഴിക്കോട് ലോക്സഭ മണ്ഡലത്തിന്‍റെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് എം കെ രാഘവന്‍.ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും എം കെ രാഘവന്‍ ഫേസ്ബുക്ക്പോസ്റ്റില്‍ വ്യക്തമാക്കി. ഇന്നലെയാണ് കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ ഒരു ഹിന്ദി ചാനലിന്‍റെഒളിക്യാമറ ഓപ്പറേഷന്‍. സ്ഥലം വാങ്ങാന്‍ സഹായിക്കുന്നതിന് കമ്മീഷന്‍ ആവശ്യപ്പെട്ടന്നാണ് ചാനല്‍ ആരോപിക്കുന്നത്. ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു.
വ്യാജ വീഡിയോ ദൃശ്യങ്ങളാണ് തനിക്കെതിരെയായി പുറത്തുവിട്ടിരിക്കുന്നത്. വളരെ ബോധപൂര്‍വം ഗൂഡാലോചന നടത്തി തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണിത്. ഇതിനെ നേരിടുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടു വരുമെന്നും രാഘവന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.