ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റുമായി ധാരണാപത്രം ഒപ്പിട്ട് ഗോത്രകാര്യ മന്ത്രാലയം. ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എകലവ്യാ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (ഇഎംആർഎസ്), ആശ്രാം സ്കൂളുകളിലുമാണ് ഈ ഡിജിറ്റൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആദിവാസി വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതി ലഭ്യമാക്കുമെന്ന് ഗോത്രകാര്യ മന്ത്രി അർജുൻ മുണ്ട പറഞ്ഞു.
ആഗോള തലത്തിൽ മത്സരിക്കാൻ നമ്മുടെ വിദ്യാർഥികൾ തയ്യാറാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ മിഷൻ വിജയകരമാകണമെങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്നും ആദിവാസി വിദ്യാർഥികളും മറ്റുള്ളവരും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഈ മൈക്രോസോഫ്റ്റ് പരിപാടിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.