കേരളം

kerala

ETV Bharat / briefs

മസാല ബോണ്ട്: നിലപാട് വ്യക്തമാക്കാന്‍ യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

സിപിഎം നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയോയെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല

By

Published : Apr 27, 2019, 1:41 PM IST

തിരുവനന്തപുരം: മസാല ബോണ്ടില്‍ സിപിഎം കേന്ദ്ര കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സിപിഎം എന്നും എതിര്‍ക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന് അനുസൃതമാണ് മസാല ബോണ്ട്. സിപിഎമ്മിന്‍റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയോയെന്ന് വ്യക്തമാക്കണം. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും സാമ്പത്തിക നയത്തെ സിപിഎം പിന്തുടരുന്നത് അമ്പരപ്പ് ഉണ്ടാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കളങ്കിത കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായുള്ള ബന്ധം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായും ചെന്നിത്തലയുടെ കത്തില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ട് വഴി 2,150 കോടിയാണ് ലഭിച്ചത്. രാജ്യാന്തര കടപ്പത്ര വിപണിയില്‍ 9.75% പലിശ നിരക്കില്‍ 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെയായിരുന്നു ഇത്. കനേഡിയന്‍ ഫണ്ടിങ് ഏജന്‍സിയായ ക്യുബെക് ഡെപ്പോസിറ്റ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റാണ് (സിഡിപിക്യു) കിഫ്ബി മസാല ബോണ്ടുകള്‍ ഉയര്‍ന്ന പലിശക്ക് വാങ്ങിയത്. സിഡിപിക്യുവിന് എസ്എന്‍സി ലാവ്ലിനില്‍ 20% ഓഹരിയുണ്ട്. ഉയര്‍ന്ന പലിശ നിരക്കായിട്ടും ബോണ്ടുകള്‍ വാങ്ങാന്‍ സിഡിപിക്യു തയ്യാറായത് ഈ ബന്ധം കാരണമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details