തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽഡിഎഫ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള ഒരു കാരണം മാത്രമാണിത്. രാജ്യത്തെ സാമ്പത്തിക പ്രശ്നവും തൊഴിലില്ലായ്മയും വർഗീയതയും ഇടതുപക്ഷം ചർച്ചയാക്കി. എന്നാൽ ബിജെപിയും കോൺഗ്രസും ശബരിമലയെ മുഖ്യ പ്രചാരണ ആയുധമാക്കി. ഇതിനെ പ്രതിരോധിക്കാൻ ഇടതുമുന്നണിക്ക് വേണ്ടവിധം കഴിഞ്ഞില്ല. രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥി എന്ന പ്രചാരണത്തിനും കേരളത്തിൽ അംഗീകാരം കിട്ടി. ഇവയൊക്കെയാണ് ഇടതുമുന്നണിയുടെ തിരിച്ചടിക്ക് കാരണം. യുഡിഎഫിന്‍റേയും ബിജെപിയുടേയും കള്ളപ്രചാരണം മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസി സമൂഹത്തെ തിരികെ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
ശബരിമല തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി - cpm
കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തല്‍. പൊലീസ് കമ്മീഷ്ണറേറ്റ്, പി എസ് സി യിൽ ഒഴിവ് വരുന്ന അംഗങ്ങളുടെ നിയമനം എന്നിവ യോഗത്തിൽ ചർച്ചയായില്ല
ഇടത് സർക്കാരിന് ഇത്തരമൊരു നിലപാട് മാത്രമേ സ്വീകരിക്കാൻ കഴിയുമായിരുന്നുള്ളൂവെന്നും സിപിഎം നിലപാടിനെ എല്ലാവരും പിന്തുണച്ചതായും എല്‍ഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ എൽജെഡി, കേരള കോൺഗ്രസ് ബി, ഐഎൻഎൽ എന്നീ പാർട്ടികൾ വിമർശിച്ചു. വനിതാമതിലിന് പിന്നാലെ ശബരിമലയിൽ സ്ത്രീകൾ കയറിയത് വിശ്വാസികളെ വേദനിപ്പിച്ചെന്നും ഇതുമൂലം സ്ത്രീ വോട്ടർമാർ മുന്നണിയിൽ നിന്ന് അകന്നുവെന്നും എൽജെഡി വിമർശിച്ചു. ഇടത് സർക്കാരിന്‍റെ മൂന്നുവർഷത്തെ പ്രവർത്തനം മികച്ചതാണെന്ന് മുന്നണി യോഗം വിലയിരുത്തി. പൊലീസ് കമ്മീഷ്ണറേറ്റ്, പി എസ് സിയിൽ ഒഴിവ് വരുന്ന അംഗങ്ങളുടെ നിയമനം എന്നിവ യോഗത്തിൽ ചർച്ചയായില്ല.