ഇടുക്കി :ശക്തമായ മഴയെത്തുടര്‍ന്ന് കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലില്‍ എട്ട് പേരെ കാണാനില്ല. ഏഴ് വീടുകൾ ഒലിച്ചുപോയതായും വിവരമുണ്ട്. എൻ.ഡി.ആർ.എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. കൊക്കയാർ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. ശക്‌തമായ മഴയും മണ്ണിടിച്ചിലും തുടരുന്നു. ഇതുമൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.
അതേസമയം കാഞ്ഞാര്‍ - മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് മരിച്ചത്.
ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും വാഹനം വഴുതി തോട്ടിലേക്ക് വീണതാണ് അപകടകാരണം .പാലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ നിന്നാണ് വാഹനവും മൃതദേഹങ്ങളും കണ്ടെത്തിയത്.
സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പൊലീസും മൂലമറ്റം അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്. അപകടം നടന്ന സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശനം നടത്തി.
മൂന്നാർ മേഖലയിൽ കനത്തമഴ
അടിമാലി, മൂന്നാര്‍ മേഖലകളിലും പരക്കെ മഴ. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. സമീപമേഖലകളിലെ അണക്കെട്ടുകളായ പൊന്‍മുടി, ചെങ്കുളം, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ജാഗ്രതാനടപടിയുടെ ഭാഗമായി ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി.
രാത്രികാല യാത്രാനിരോധനം നീട്ടി
ജില്ലയില്‍ നിലവിലുണ്ടായിരുന്ന രാത്രികാല യാത്രാനിരോധനം ഒക്‌ടോബർ 20 വരെ നീട്ടിയതായും ജില്ല കലക്‌ടര്‍ അറിയിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ താലൂക്ക് തല ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണ്.
ഇത് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. ഡാമുകളുടെ റൂള്‍കർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തേതന്നെ തയ്യാറെടുപ്പുകള്‍ നടത്താനും കെഎസ്‌ഇബി, ഇറിഗേഷന്‍, കെഡബ്ല്യു വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകി.