തിരുവനന്തപുരം:ലൈംഗികാരോപണവിധേയനായ മകന്‍ ബിനോയിയെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ ബിനോയിക്ക് പാർട്ടിയിൽ നിന്നോ വ്യക്തിപരമായോ ഒരു സഹായവും നൽകില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനോയിക്കെതിരായ പീഡന പരാതിയിൽ ആദ്യമായാണ് കോടിയേരി പ്രതികരണവുമായി രംഗത്തെത്തിയത്.
ബിനോയിയെ സംരക്ഷിക്കില്ലെന്ന് കോടിയേരി - ബിനോയ് കോടിയേരി
"ബിനോയ് എവിടെയാണെന്ന് വ്യക്തമല്ല, നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയാണ്" - കോടിയേരി ബാലകൃഷ്‌ണന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി)
ആയുർവേദ ചികിത്സയിലായിരുന്ന തന്നെ ബിനോയ് വന്നു കണ്ടിരുന്നു. എന്നാൽ അതിനു ശേഷം എവിടെയെന്ന് വ്യക്തമല്ല. നിജസ്ഥിതി നിയമപരമായി കണ്ടെത്തണം. ബിനോയിയെ സംരക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. താനോ പാർട്ടിയോ അത്തരമൊരു നിലപാടെടുത്തിട്ടില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്‍റെ ഉത്തരവാദിത്തമാണ്. പാർട്ടി ഇക്കാര്യത്തിൽ ഇടപെടുന്ന പ്രശ്‌നമില്ലെന്നും സംഭവത്തെ കുറിച്ച് അറിഞ്ഞത് കേസ് വന്നപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയുമായോ കുടുംബവുമായോ സംസാരിച്ചിട്ടില്ലെന്നും തന്‍റെ ഭാര്യ വിനോദിനി പരാതിക്കാരിയെ കണ്ടുവെന്നത് പൊലീസിന് നൽകിയ പരാതിയിൽ പറയുന്ന കാര്യമാണെന്നും കോടിയേരി വ്യക്തമാക്കി.
തന്‍റെ രാജിയെന്നത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും പാർട്ടിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും കോടിയേരി അറിയിച്ചു. അതേസമയം വിഷയത്തിൽ കോടിയേരി രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്.