തിരുവനന്തപുരം:കിഫ്ബി ജനറൽബോഡി യോഗം 1423 കോടി രൂപയുടെ 29 പദ്ധതികൾക്ക് അംഗീകാരം നല്‍കി. മുഖ്യമന്ത്രിയും ധനമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ആയിരം കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കും അംഗീകാരം നൽകി.
കിഫ്ബി 29 പദ്ധതികൾക്ക് അംഗീകാരം നല്‍കി കുടിവെള്ള പദ്ധതികളിൽ ഏറ്റവും ചെലവേറിയത് കുട്ടനാട് കുടിവെള്ള പദ്ധതിയാണ്. 289 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. വിതരണ സംവിധാനത്തിനും ജലസംഭരണിക്കുമായാണ് തുക. തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നനുള്ള ബദൽ സ്രോതസ്സായി 206 കോടി രൂപയും ആലപ്പുഴ കുടിവെള്ള പ്രോജക്ടിന് 211 കോടിയും അനുവദിച്ചിട്ടുണ്ട്.
വലിയ പദ്ധതികൾക്ക് പുറമേ 270 കോടിയുടെ ഹോസ്പിറ്റൽ പ്രോജക്റ്റ്, 80 കോടിയുടെ സ്പോർട്സ് സ്റ്റേഡിയം, 114 കോടിയുടെ റെയിൽവേ ഓവർ ബ്രിഡ്ജ്, എന്നീ പദ്ധതികൾക്കും ജനറൽബോഡി യോഗത്തിൽ അനുമതി നൽകി. കിഫ്ബിയിലൂടെ അവശ്യ തുക മാത്രമാണ് സമാഹരിക്കുന്നതെന്നും ആഭ്യന്തര ബോണ്ടുകൾ അടക്കം പല സ്രോതസ്സുകൾ പണം കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
മസാല ബോണ്ടിലൂടെ കിഫ്ബി അക്കൗണ്ടിലേക്ക് 10,000 കോടി രൂപ സമാഹരിച്ചതായും തോമസ് ഐസക് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ ജനങ്ങൾക്ക് അധികഭാരം വരാത്ത രീതിയിലാകും പ്രളയ സെസ് പിരിക്കുന്നത്. വിവിധ വകുപ്പുകൾക്കായി ഇതുവരെ 29,455.71 കോടി രൂപയുടെ 552 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതുകൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14,275.17 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ആകെ 43,730.88 കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി നിലവിൽ അംഗീകാരം നൽകിയിട്ടുള്ളത്.