കോട്ടയം: കെവിൻ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. മുപ്പത്തിയേഴാം സാക്ഷിയായ രാജേഷിനെ മര്‍ദ്ദിച്ച ആറാം പ്രതി മനു, പതിമൂന്നാം പ്രതി ഷിനു, ഇവരുടെ സുഹൃത്തുക്കളായ റോബിൻ, ഷാജഹാൻ എന്നിവരെയാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് രാജേഷ് മൊഴി നൽകി. മുഖത്ത് പരിക്കേറ്റ രാജേഷ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സാക്ഷി മൊഴി നല്‍കാന്‍ കോട്ടയത്തേക്ക് വരുന്നതിനിടെ പുനലൂർ മാർക്കറ്റ് ജങ്ഷനിൽ വച്ചാണ് ആക്രമണമുണ്ടായത്.
കെവിൻ വധം: സാക്ഷിയെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍
മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ ആറാം പ്രതി മനുവും പതിമൂന്നാം പ്രതി ഷിനുവും അടങ്ങുന്ന നാലംഗ സംഘം മർദ്ദിച്ചെന്നാണ് പരാതി.
പ്രതികൾ തന്നെ മർദ്ദിച്ചതായി രാജേഷ് വിചാരണ കോടതിയിലും മൊഴി നൽകി. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ സാക്ഷിക്കെതിരായി നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യം ഉന്നയിച്ചു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസൽ തന്നോട് പറഞ്ഞിരുന്നുവെന്നും രാജേഷ് മൊഴി നൽകി. കേസിലെ പ്രതികളായ ഫസല്‍, ഷിനു, ടിറ്റു, റെമീസ്, വിഷ്ണു, ഷെഫിന്‍, ഷാനു എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞു.
2018 മെയ് 27 നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശിയായ കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിലെ ദുരഭിമാനം കാരണം പെണ്‍കുട്ടിയുടെ അച്ഛനും ജ്യേഷ്ഠനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.